ശ്രീനഗർ: ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ ശാന്തവും സമാധാനപരവുമായി തുടരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. ഇതോടെ പ്രദേശത്തെ പള്ളികളിൽ ഒത്ത് കൂടി പ്രാർത്ഥന നടത്താൻ വിശ്വാസികൾക്ക് സാധിച്ചു.
ശ്രീനഗറിൽ സാഹചര്യം അങ്ങേയറ്റം ശാന്തമാണ്. പഴം- പച്ചക്കറി വ്യാപാരികൾ പതിവ് പോലെ നിരത്തുകളിൽ സജീവമായി. എ ടി എം കൗണ്ടറുകളും സാധരണ പോലെ പ്രവർത്തിക്കുന്നു. എന്നാൽ സുരക്ഷാ സേനകൾ ഇപ്പോഴും ജാഗ്രത തുടരുകയാണ്.
അതിനിടെ കശ്മീരിലെ ജനങ്ങളോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാര്യങ്ങൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കി. ജനങ്ങളുടെ ആശങ്കകൾ അകന്നതായും നിലവിലെ സാഹചര്യത്തിൽ അവർ തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് താഴ്വരയിലെ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച അദ്ദേഹം സാഹചര്യങ്ങൾ വിലയിരുത്തി.
അതേസമയം കശ്മീരിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്ന് പ്രവർത്തിച്ചു. മിക്കയിടങ്ങളിലും ടെലിഫോൺ ബന്ധം പുനസ്ഥാപിച്ചു കഴിഞ്ഞു. കശ്മീർ സമാധാനത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി ഇവ വിലയിരുത്തപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post