ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ നിതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുളളർ അടക്കം നാല് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.സിബിഐക്ക് കേന്ദ്ര സർക്കാരാണ് അനുമതി നൽകിയിരിക്കുന്നത്്. ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വകുപ്പിലെ(ഡിഇഎ) മുൻ അഡീഷണൽ സെക്രട്ടറിയാണ് ഖുള്ളർ. 1975 ഐഎഎസ് ബാച്ചിലെ ഖുള്ളറെ നേരത്തേ ചിദംബരത്തിന്റെ സാന്നിധ്യത്തിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.
ചെറുകിട ഇടത്തരം നാമമാത്ര സംരംഭ മന്ത്രാലയ മുൻ സെക്രട്ടറി അനൂപ് കെ.പൂജാരി, ധനമന്ത്രാലയത്തിലെ മുൻ ഡയറക്ടർ പ്രബോധ് സക്സേന, മുൻ അണ്ടർ സെക്രട്ടറി (ഡിഇഎ) രബീന്ദ്ര പ്രസാദ് എന്നിവർക്കെതിരെയും നടപടിക്ക് അനുമതി നൽകിയിട്ടുണ്ട്.ഐഎൻഎക്സ് മീഡിയയ്ക്കു വിദേശത്തുനിന്നു നിക്ഷേപം വാങ്ങാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡാണ് ശുപാർശ ചെയ്തതെന്നും താൻ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ചിദംബരത്തിന്റെ നിലപാട്. നടപടിയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെല്ലാം പുറത്തും താൻ മാത്രം ജയിലിലുമെന്നതാണ് സ്ഥിതിയെന്നും ആരും സ്വാധീനിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചിട്ടില്ലെന്നും ചിദംബരം കോടതിയിൽ പറഞ്ഞിരുന്നു.
Discussion about this post