ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സെല്ലിനു പുറത്തിറക്കി വിയ്യൂർ സെൻട്രൽ ജയിലിൽ ‘കിണ്ണത്തപ്പം’ നിർമാണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.
മറ്റു തടവുകാരെ വൈകിട്ട് ആറിനു മുൻപു സെല്ലിൽ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇപ്പറഞ്ഞ സംഘത്തിനു സെല്ലിനു പുറത്ത് കടക്കാന്‍ അവസരമൊരുക്കുന്നത്..
മൂന്നു മാസം മുൻപാണ് തലശേരി കിണ്ണത്തപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കിത്തുടങ്ങിയത്. ഇത് ജയിൽ ഔട്ലെറ്റിലൂടെ വിൽക്കാമെന്ന ആശയം അവതരിപ്പിച്ചത് കിർമാണി മനോജും സംഘവുമാണെന്നു വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവർ ഏറ്റെടുത്തു.
ചപ്പാത്തി നിർമാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കമുള്ള ജോലികൾക്കിറക്കി വൈകിട്ട് മൂന്നുമണിയോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്വഴക്കം.
എന്നാൽ, കിർമാണിയെയും സംഘത്തെയും പുറത്തിറക്കുന്നത് 6.30നു ശേഷമാണ്. ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദേശമുണ്ടായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെട്ടു. രാത്രി 9.30 വരെ ഇവർ കിണ്ണത്തപ്പ നിർമാണവുമായി സെല്ലിനു പുറത്തു വിഹരിക്കും.
ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ലഹരിയടക്കമുള്ള സൗകര്യങ്ങളും കിട്ടുന്നുണ്ടെന്ന വിവരവുമുണ്ട്.
Discussion about this post