ലഖ്നൗ: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കലാപം നടത്തിയ 498 പേരിൽ നിന്ന് പൊതുമുതൽ നശിപ്പിച്ചതിന്റെ ചിലവ് ഈടാക്കാൻ സർക്കാർ തീരുമാനം. ക്യാമറയിൽ പതിഞ്ഞ് പോലീസ് തിരിച്ചറിഞ്ഞ 498 പേരെയാണ് സാമൂഹ്യവിരുദ്ധരായി പ്രഖ്യാപിച്ച് നശിപ്പിച്ച വസ്തുവകകളുടെ ചിലവ് ഈടാക്കുന്നത്.
ഈ ആളുകളുടെ വിവരങ്ങൾ അതാത് ജില്ലാ മജിസ്ട്രേട്ടിനു കൈമാറിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. ഇവർ പിഴ അടച്ചില്ലെങ്കിൽ വസ്തുവകകൾ കണ്ടുകെട്ടാൻ ജില്ലാ മജിസ്ട്രേറ്റിനു അധികാരമുണ്ടായിരിയ്ക്കും. ഇവരിൽ പലരും ഇപ്പോൾത്തന്നെ ജയിലിനുള്ളിലാണ്.
അതേസമയം എല്ലാ ആക്രമണകാരികളും ഞെട്ടിയിരിയ്ക്കുകയാണെന്നും അവർ കരയാൻ പോകുന്നതേയുള്ളൂ എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
‘എല്ലാ കലാപകാരികളും ഞെട്ടിയിരിയ്ക്കുകയാണ്. യോഗി ആദിത്യനാഥ് ഗവണ്മെന്റിന്റെ ശക്തമായ നടപടികൾ കൊണ്ട് എല്ലാവരും നിശബ്ദരായിരിയ്ക്കുകയാണ്. പൊതുമുതൽ നശിപ്പിക്കുന്നവർ അതിന്റെ ചിലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്ലാ ആക്രമണകാരികളും കരയും. കാരണം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ഗവൺമെന്റാണ്’, ട്വിറ്ററിലൂടെ യോഗിയുടെ ഓഫീസ് അറിയിച്ചു.
ഉത്തർപ്രദേശിനു പിറകേ കർണാടകയിലും ഇതേ നടപടി നടപ്പാക്കാനുദ്ദേശിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ അറിയിച്ചിരുന്നു. മംഗലാപുരത്ത് അക്രമമഴിച്ചുവിട്ടവരിൽ നിന്നാണ് നശിപ്പിച്ച പുതുമുതലിന്റെ ചിലവ് ഈടാക്കുക.
.
Discussion about this post