സ്പ്രിംഗളര്‍ വിവാദത്തിന് പിന്നാലെ അഴിമതി ആരോപണത്തിന്മേല് വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും രംഗത്തെത്തി. സ്പ്രിംഗളറില് നിന്ന് പൊതുജനത്തിന്റേയും മീഡിയയുടെയും ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ച പിണറായി ഇപ്പോള്‍ പരാജയപ്പെട്ടെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മനഃപൂര്‍വം മറ്റൊരു വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ഇതു കേരളമായതിനാല്‍ അതു നടന്നില്ലെന്നും ഷാജി ഫേസ്ബുക്കിൽ കുറിക്കുന്നു.
‘സ്പ്രിംഗളര്‍ കമ്പനിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കി വന്നപ്പോള്‍ വലിയ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കാണുന്നില്ല. ആരൊക്കെയോ അടുത്തടുത്ത് നില്ക്കുന്നു. വ്യക്തമാവാത്ത വസ്തുതാപരമല്ലാത്ത ഒരു കാര്യം ഇവിടെ ഉന്നയിക്കുന്നില്ല. മക്കള്‍ക്ക് വേണ്ടി ആളുകള്‍ ക്ഷോഭിച്ച് പോവുന്നതില്‍ കുറ്റം പറയാനാവില്ല. ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ വാക്കുകളില്‍ പറഞ്ഞാല്‍ എല്ലാ ആദര്‍ശങ്ങളും മറന്ന് പോകും മക്കള്‍ക്ക് വേണ്ടി.’ ഷാജി ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
കെ എം ഷാജി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എപ്പോഴാണു രാഷ്ട്രീയം പറയേണ്ടത് എന്ന ചർച്ചയിലായിരുന്നു പലരും. രോഗദുരിതങ്ങൾക്കിടയിൽ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അർത്ഥം തന്നെ നമ്മൾക്ക് പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്!!
ഒരു ഭരണസംവിധാനം ദുരിത ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോട് ചോദ്യങ്ങൾ ഉന്നയിച്ച് അലോസരമുണ്ടാക്കരുത് എന്ന വിലക്ക് ശരിയല്ലേ എന്ന് ആർക്കും തോന്നിപ്പോവും. പക്ഷെ, ഈ സെന്റിമന്റ് സീനുകൾക്ക് പിറകിൽ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നതാണു അപകടം!!
സ്പ്രിങ്ക്ലർ കമ്പനിയുമായുള്ള കരാർ അങ്ങനെ ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ സൈബർ ഗുണ്ടകൾ ആ മനുഷ്യനെ സോഷ്യൽ മീഡിയ തെരുവിൽ കല്ലെറിഞ്ഞു.
ആ സൈബർ ലിഞ്ചിങ് പോലും പെയ്ഡ് പി ആർ വർക്കിന്റെ ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ഫിനാൻസ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു.
മുഖ്യമന്ത്രി വയലന്റായത് ആ എഫ് ബി പോസ്റ്റിലല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു; പൊളിഞ്ഞു പോയ ഒരു ബിസിനസ് ഡീൽ ആയിരുന്നു ഈ പക പോക്കലിന്റെ കാരണം.
സ്പ്രിങ്ക്ലർ എന്ന കമ്പനിയുടെ കരാറിൽ നിന്ന് മാധ്യമ/പൊതുജന ശ്രദ്ധ തിരിക്കാൻ ഒരു വിഷയം വേണം. കരുവാക്കാൻ നല്ലത് ഞാനാണെന്നും തോന്നിക്കാണും!!
പക്ഷെ, ആ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല.
സത്യം മൂടിവെക്കാൻ കോടികളുടെ പി ആർ കമ്പനിക്കുമാവില്ല; കാരണം, ഇത് കേരളമാണ്!!
സ്പ്രിങ്ക്ലർ കമ്പനിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കി വന്നപ്പോൾ വലിയ സോഷ്യൽ ഡിസറ്റൻസിംഗ് കാണുന്നില്ല.
ആരൊക്കെയോ അടുത്തടുത്ത് നിൽക്കുന്നു.
വ്യക്തമാവാത്ത വസ്തുതാപരമല്ലാത്ത ഒരു കാര്യം ഇവിടെ ഉന്നയിക്കുന്നില്ല.
മക്കൾക്ക് വേണ്ടി ആളുകൾ ക്ഷോഭിച്ച് പോവുന്നതിൽ കുറ്റം പറയാനാവില്ല.
ബർലിൻ കുഞ്ഞനന്തൻ നായരുടെ വാക്കുകളിൽ പറഞ്ഞാൽ എല്ലാ ആദർശങ്ങളും മറന്ന് പോകും മക്കൾക്ക് വേണ്ടി!!
2000 ജൂലൈ പത്തൊമ്പത് കാലത്തൊക്കെ നിങ്ങളിൽ പലരുടെയും മക്കൾ തെരുവിലായിരുന്നു സഖാക്കളെ;പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം കേട്ട് സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള സമരത്തിൽ!!
സെക്രട്ടറിയാണെങ്കിൽ കോയമ്പത്തൂരിൽ വരദരാജൻ മുതലാളിയുടെ വീട്ടിൽ വിശ്രമത്തിലും;
അമൃത എഞ്ചിനീയറിംഗ് കോളേജിൽ മകൾക്ക് സീറ്റ് കിട്ടിയ സന്തോഷത്തിൽ!!
അത് കൊണ്ട് എന്നെ വിജിലൻസ് കേസിൽ ഉൾപെടുത്തുന്നതിൽ ആശങ്ക വേണ്ട പ്രിയപ്പെട്ടവരേ! അത് നിയമത്തിന്റെ വഴിക്ക് പോകട്ടെ!!
എന്നാൽ,ഇതിനിടയിൽ കൂടി
നമ്മളെ ഒന്നാകെ വിൽക്കുന്ന കച്ചവടം നടത്തുന്നത് കാണുമ്പോൾ അരുതെന്ന് പറഞ്ഞോളൂ;
അതിനാണു രാഷ്ട്രീയം എന്ന് പറയുക;
ആ രാഷ്ട്രീയം കൊക്കിൽ ജീവനുള്ള കാലത്തോളം പറയുകയും ചെയ്യണം!!
https://www.facebook.com/kms.shaji/posts/2048702158608374
Discussion about this post