മന്ത്രി കെ ടി ജലീലിനെതിരെ പിഎസ് സി മുൻ ചെയർമാൻ ഡോ.കെ എസ് രാധാകൃഷ്ണൻ രംഗത്ത്. അനർഹമായത് ഇരന്നു മേടിച്ച് കഴിക്കുന്ന അനൗചിത്യമായ കർമ്മമാണ് ചക്കാത്ത്. ഒരു മതം വിഭാവന ചെയ്തു വികസിപ്പിച്ചെടുത്ത വിശുദ്ധമായ സങ്കൽപ്പമാണ് ‘സഖാത്ത്’; അങ്ങ് അതിനെ അവഹേളിക്കരുതെന്ന് ഡോ കെ എസ് രാധാകൃഷ്ണൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
ഡോ.കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജലീൽ മന്ത്രീ, അങ്ങ് സഖാത്തിനെ ചക്കാത്താക്കരുത്
അനർഹമായത് ഇരന്നു മേടിച്ച് കഴിക്കുന്ന അനൗചിത്യമായ കർമ്മമാണ് ചക്കാത്ത്. ഒരു മതം വിഭാവന ചെയ്തു വികസിപ്പിച്ചെടുത്ത വിശുദ്ധമായ സങ്കൽപ്പമാണ് ‘സഖാത്ത്’; അങ്ങ് അതിനെ അവഹേളിക്കരുത്.
ഖുർ-ആൻ വെളിവാകുന്ന സഖാത്തിന്റെ യുക്തിഘടനയെ ഏതാണ്ട് ഇങ്ങനെ സംക്ഷേപിക്കാം: പ്രപഞ്ചം ദൈവസൃഷ്ടമാണ്; മനുഷ്യ സൃഷ്ടമല്ല. ദൈവസൃഷ്ടമായ പ്രപഞ്ചത്തിന്റെ ഉടമയല്ല മനുഷ്യൻ. അതുകൊണ്ട് തന്നെ മനുഷ്യൻ ലോകത്തിന്റെ ഉടമയല്ല. ചെറിയ കാലയളവിലേക്കുള്ള സൂക്ഷിപ്പുകാരൻ മാത്രമാണ് മനുഷ്യൻ. ആയതിനാൽ പ്രപഞ്ച വസ്തുക്കളെ അനധികൃതമായി കയ്യേറി സൂക്ഷിച്ച് സംഭരിക്കാൻ മനുഷ്യന് അവകാശമില്ല.
ശരി, പ്രപഞ്ച വസ്തുക്കളെ കയ്യേറി സൂക്ഷിക്കുന്നില്ല. പക്ഷെ, തന്റെ സ്വന്തം കഴിവ് കൊണ്ട് നേടിയ വസ്തുക്കളുടെ ഉടമ താനല്ലേ? അല്ല, എന്നാണ് ഈ ചോദ്യത്തിന് ഖുർ-ആൻ നൽകുന്ന ഉത്തരം. കാരണം, പ്രപഞ്ചം ദൈവ സൃഷ്ടമായത് കൊണ്ടും മനുഷ്യൻ പ്രപഞ്ചത്തിന്റെ ഭാഗമായതുകൊണ്ടും മനുഷ്യനും അവന്റെ കഴിവുകളും മനുഷ്യനുണ്ടാക്കിയതല്ല, ദൈവം സൃഷ്ടിച്ചവയാണ്. അതുകൊണ്ട് അവയും ദൈവത്തിന്റെ അധീനതയിലാണ്, മനുഷ്യന്റെ അധികാരത്തിലല്ല.
ശരി, താൻ നേടുന്നതിനിൽ തനിക്ക് എത്രയാണ് എടുക്കാവുന്നത്? അതിന് ദൈവം നൽകുന്ന കല്പന നിന്റെ ആവശ്യത്തിന് എടുക്കാമെന്നാണ്. പക്ഷെ, അങ്ങനെ എടുക്കുമ്പോൾ ദൈവനാമത്തിലേ എടുക്കാൻ പാടുള്ളൂ. ദൈവനാമത്തിൽ എടുക്കുമ്പോൾ ആർത്തി തീർക്കാനാകില്ല, വിശപ്പടക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ദൈവനാമത്തിൽ മിതമായി എടുത്തതിനു ശേഷം ബാക്കിയെല്ലാം സഹജീവികളുമായി പങ്ക് വെയ്ക്കുന്നതിനെയാണ് ‘സഖാത്ത്’ എന്ന് പറയുന്നത്.
ഖുർ-ആൻ വ്യാഖ്യാതാക്കൾ സഖാത്തിനു ശതമാന കണക്കുകൾ പറയുന്നുണ്ട്; അവയ്ക്ക് ഖുർ-ആൻ സമ്മതം നൽകുന്നില്ല. പണ്ഡിതനായ ജലീൽ മന്ത്രിക്ക് ഇക്കാര്യം അറിയാവുന്നതാണ്. അദ്ദേഹം എത്രയോ കൊല്ലം ഖുർ-ആൻ പഠിച്ചിരിക്കുന്നു. അതുകൂടാതെ മതത്തെ സേവിക്കുന്നതിന്റെ ഭാഗമായി വാരിയംകുന്നത്ത് കുഞ്ഞമ്മത് ഹാജി മഹാനാണെന്ന് ഗവേഷണം നടത്തി കണ്ടെത്തിയാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്.
അങ്ങിനെയുള്ള ജലീൽ മന്ത്രീ, അങ്ങ് സഖാത്തിനെ അവഹേളിക്കരുത്. ഏതെങ്കിലും ഒരു സമ്പന്ന രാജ്യത്ത് നിന്നും ഇരന്നു വാങ്ങി വിതരണം ചെയ്യേണ്ട ഉച്ചിഷ്ടമല്ല സഖാത്ത്. അങ്ങ് സ്വന്തം അദ്ധ്വാനത്തിലൂടെ സംഭരിച്ചതിന്റെ വിഹിതം സഹജീവികൾക്ക് പങ്ക് വെയ്ക്കുന്നതാണ് ‘സഖാത്ത്’. അറിഞ്ഞുകൊണ്ട്, സ്വാർത്ഥമോഹത്തോടെ, തിന്മ ചെയ്യുകയും അതിനു ശേഷം അതിനെ ഉളുപ്പില്ലാതെ മതത്തിന്റെ പേരിൽ സാധൂകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അങ്ങയുടെ കാപട്യത്തോട് പരമകാരുണീകനായ അല്ലാഹു പൊറുക്കട്ടെ എന്നാണ് പ്രാർത്ഥന.
https://www.facebook.com/drksradhakrishnan/photos/a.872298416193104/3239356366153952/?type=3&theater
Discussion about this post