തിരുവനന്തപുരം: സ്വര്‍ണകടത്തിലൂടെ കിട്ടിയ പണം പൗരത്വ ഭേദഗതി ബില്ലിനെതിരായി ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടന്ന പ്രതിഷേധങ്ങള്‍ക്ക് ഉപയോഗിച്ചോയെന്ന് സംശയം. ഇതേക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങി. വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ മുമ്പും സ്വര്‍ണക്കടത്ത് നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. 20 തവണയായി 112 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണക്കടത്തിലൂടെ കിട്ടിയ പണം ഇത്തരം ചില പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിച്ചതായി സംശയമുയര്‍ന്നത്.
ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പൗരത്വ ബില്‍ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്ന ചില ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഫണ്ടുകളുടെ വരവിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി യുവാവില്‍ നിന്നാണ് വിദേശ ഫണ്ട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. കേരള പൊലീസ് നല്കിയ വിവരത്തെ തുടര്‍ന്നായിരുന്നു യു.പിയില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന് ഗള്‍ഫില്‍ നിന്ന് ഫണ്ട് നല്കിയ ചില സംഘടനകളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ശക്തമായ നെറ്റ്വര്‍ക്കുള്ള ഈ സംഘടനകളുടെ സഹായത്തോടെയാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ ഉറച്ചു വിശ്വസിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പണം നല്കുന്ന ഗള്‍ഫിലെ മൂന്ന് സംഘടനകളുമായി ചില മലയാളികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന ഫണ്ടിംഗ് ഉറവിടം സ്വര്‍ണക്കടത്താണെന്നും മനസിലായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കേരളത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന രണ്ട് സംഘടനകള്‍ യുവാക്കളെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്ന സംഘടനകളെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.ജി.പിയും പറയുന്നു.
നിരീക്ഷണ വലയത്തില്‍ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില റാക്കറ്റുകളും നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിനുമുമ്പും കേരളത്തില്‍ പലവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും യു.എ.ഇയില്‍ നിന്നുള്ള നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തുന്ന ചില സംഘടനകള്‍ കേന്ദ്ര ഏജന്‍സികളുടെ രഹസ്യനിരീക്ഷണത്തില്‍ ആയിരുന്നെന്ന് വിശ്വസ്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ കസ്റ്റംസ് യൂണിറ്റുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വന്നത്.
Discussion about this post