ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ കർശന നടപടിക്ക് നീങ്ങുന്നു. തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് വിവരം.
ഇന്ന് രാവിലെ മുതൽ ഡൽഹിയിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചു.
ഡൽഹി അതിർത്തിയിലെ സുപ്രധാന സമര കേന്ദ്രങ്ങളായ സിംഘു, ഗാസിപുർ, തിക്രി, മുകർബ ചൗക്, നംഗോലി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
അതേസമയം, ചെങ്കോട്ടയില്‍ കടന്ന കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ട്രാക്ടര്‍ റാലി നടത്തിയവരില്‍ ഒരു വിഭാഗം ചെങ്കോട്ടയില്‍ കടന്നു കൊടികെട്ടിയിരുന്നു. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി. ഐടിഒ അടക്കമുള്ള സ്ഥലങ്ങളില്‍ കേന്ദ്രസേന രംഗത്തിറങ്ങി.
ജുമാ മസ്ജിദ്, ദില്‍ഷാദ് ഗാര്ഡന്, ജില്‍മി, മാന്‍സരോവര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ മെട്രോ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനുമുള്ള ഗേറ്റുകള്‍ അടച്ചതായി ഡെല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് അറിയിച്ചു.
Discussion about this post