ചെർപ്പുളശ്ശേരി: ആശുപത്രിയിലെത്തുന്ന കൊവിഡ് രോഗികൾക്ക് താങ്ങായി ചെർപ്പുളശ്ശേരി സ്വദേശി രാജു തന്റെ ബസ്സുകൾ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ആശുപത്രിക്ക് വിട്ടുകൊടുത്തു. രോഗികൾക്ക് വേണ്ട അടിയന്തിര പരിചരണമാണ് ഈ ബസ്സുകളിൽ ഒരുക്കിയിരിക്കുന്നത്. കൊവിഡ് രോഗബാധിതർ കൂടുകയും ആശുപത്രിയിൽ ഓക്സിജൻ സൌകര്യമുളള കിടക്കകളുടെ എണ്ണം കുറയുകയും ചെയ്യന്ന പശ്ചാത്തലത്തിലാണ് പുതിയ മാതൃക.
ആശുപത്രി വരാന്തയിലുൾപ്പെടെ ബെഡ് കാത്ത് രോഗികളുടെ ഇരിപ്പ് അവസാനിപ്പിക്കുകയാണ് രാജു ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക് ഡൌണിൽ ബസ്സുകൾ നിർത്തിയിടേണ്ട സാഹചര്യം കൂടി വന്നതോടെ തന്റെ ബസ്സുകൾക്ക് പുതിയ ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് രാജു. സീറ്റുകൾ അഴിച്ചുമാറ്റി. ബസ്സിന്റെ ഫുട്ട് ബോഡ് പുതുക്കി. രോഗികൾക്ക് വേണ്ട കട്ടിലും മറ്റ് സൌകര്യങ്ങളും തയ്യാറാക്കി. അടിയന്തിര ഘട്ടങ്ങളിൽ വേണ്ട ഓക്സിജൻ സിലിണ്ടർ വരെ ഈ ബസ് ആശുപത്രിയിലുണ്ട്. തിരക്കേറിയ ആശുപത്രിയിലേക്കാണ് രൂപാന്തരം വരുത്തിയ ബസ്സ് വിട്ടുനൽകുന്നത്
ചെർപ്പുളശ്ശേരി പാലക്കാട് റൂട്ടിലോടുന്ന രണ്ട് ബസ്സുകളാണ് ആദ്യഘത്തിൽ രൂപമാറ്റം വരുത്തിയത്. ഒരു ബസ്സിൽ മൂന്ന് രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകാനുളള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ബസ്സുകൾ ഈ രീതിയിലേക്ക് രൂപമാറ്റം വരുത്താൻ തയ്യാറെന്നും രാജു പറയുന്നു.
Discussion about this post