തൃശൂര്‍: കോഴിക്കോട് മരിച്ച പന്ത്രണ്ടുവയസുകാരന്റെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.
‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ ജാഗ്രതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിവരികയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നു. നിലവില്‍ പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കും.’- ആരോഗ്യമന്ത്രി പറഞ്ഞു.
കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. അതേസമയം അരോഗ്യമന്ത്രി കോഴിക്കോട് എത്തിയ ഉടന്‍ ഉന്നതതല യോഗം ചേരും. യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും. വിദഗ്ദ്ധ പരിശോധനയ്ക്കായി കേന്ദ്രസംഘവും ജില്ലയില്‍ എത്തും.
പനിയും ഛര്‍ദിയുമായാണ് കുട്ടി ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 104 ഡിഗ്രി പനി ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയായിരുന്നു കുട്ടിയുടെ മരണം.
Discussion about this post