ലക്നൗ : തന്റെ സർക്കാർ അധികാരത്തിലേറിയ 2017 മുതൽ കലാപരഹിത സംസ്ഥാനമായി ഉത്തർപ്രദേശ് തുടരുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന ഭരണത്തിൽ പരിപൂർണ മാറ്റം പ്രകടമാണെന്നും റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചുകൊണ്ടു യോഗി പറഞ്ഞു. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി അർഹരായവരിലേക്കു ക്ഷേമ പദ്ധതികൾ എത്തുന്നു. നാലര വർഷത്തെ ഭരണത്താൽ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്തു രണ്ടാമത് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘2017ൽ ലോക് കല്യാൺ സങ്കൽപ് പത്രയിൽ വാഗ്ദാനം ചെയ്തവയെല്ലാം ബിജെപി സർക്കാർ പൂർത്തിയാക്കി. 2022ലെ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 350ലേറെ സീറ്റിലും പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. 44 കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്താണു സംസ്ഥാനം. വികസനം, ക്രമസമാധാനം, കോവിഡ് നേരിടൽ തുടങ്ങിയവയിലെല്ലാം മികച്ച നേട്ടമുണ്ടാക്കി. മുൻ സർക്കാരുകളെപ്പോലെ ആഡംബര വസതികൾ നിർമിച്ചില്ല, പാവപ്പെട്ടവർക്കു വീടുണ്ടാക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ’– യോഗി പറഞ്ഞു.
”മുൻഗാമികൾ സർക്കാർ ബംഗ്ലാവുകൾ ഇടിച്ചു നിരത്തുകയും ആഡംബര വീടുകൾ നിർമിക്കുന്നതിൽ മത്സരിക്കുകയും ചെയ്തു. പക്ഷേ ഇക്കഴിഞ്ഞ നാലര വർഷം സദ്ഭരണത്തിലാണു ഞങ്ങൾ ശ്രദ്ധിച്ചത്. ഞങ്ങളാരും സ്വന്തമായി വീടുണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവർക്കു വീട് നിർമിച്ചു നൽകാനായി. ജാതിയോ മതമോ നോക്കാതെ ക്രിമിനലുകളെ കൈകാര്യം ചെയ്തു ക്രമസമാധാനം ഉറപ്പാക്കി. കോവിഡ് പരിശോധന, വാക്സിനേഷൻ എന്നിവയിൽ സംസ്ഥാനം മുന്നിലാണ് ”- മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post