കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി കസ്റ്റംസിന്റെ കുറ്റപത്രം പുറത്ത്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരം മറച്ചുവെച്ചെന്നാണ് ശിവശങ്കറിനെതിരായ കുറ്റം. നേരത്തെ എന്‍ഐഎ കുറ്റപത്രത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിരുന്നില്ല.
സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രണം, വില്‍പ്പന, ഉന്നതരുടെ പങ്ക് എന്നിവ വ്യക്തമാക്കുന്നതാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിശോധിയ്ക്കുന്ന കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രം. പെരിന്തല്‍മണ്ണ സ്വദേശിയായ റമീസാണ് സ്വര്‍ണ്ണക്കടത്തിലെ സൂത്രധാരനെന്നും പദ്ധതി തയ്യാറാക്കിയ ശേഷം 2019 ജൂലൈയിലാണ് ആദ്യം സ്വര്‍ണ്ണം കടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരുടെ സഹായത്തോടെ 2 തവണ ട്രയല്‍ നടത്തി വിജയിച്ചതോടെ മലപ്പുറത്തും കോഴിക്കോടുമുള്ള നിക്ഷേപകരെ കണ്ടെത്തി കൂടുതല്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു.
21 തവണകളായി 169 കിലോ സ്വര്‍ണ്ണമാണ് സംഘം കൊണ്ടുവന്നതെന്നും ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലെ ജ്വല്ലറി ഉടമകളും ഇവര്‍ കൊണ്ടുവന്ന സ്വര്‍ണ്ണം വാങ്ങിയിരുന്നെന്നും കസ്റ്റംസ് പറയുന്നു. ഇതിന്റെ ലാഭം സ്വപ്നയും സരിത്തും സന്ദീപും ചേര്‍ന്ന പങ്കിട്ടെടുത്തതായും ഇവര്‍ കടത്തിയ സ്വര്‍ണ്ണം ആഭരണങ്ങളാക്കി മാറ്റിയതിനാല്‍ മുഴുവനും കണ്ടെത്താനായിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.
കേസില്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്ന രണ്ടും സന്ദീപ് മൂന്നാം പ്രതിയുമാണ്. ഇവരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി ഉടമകളെയും പ്രതികളാക്കിയിട്ടുണ്ട്.
Discussion about this post