ലഖ്നൗ: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടത്തുകയും പൊതുമുതലും സ്വകാര്യ വസ്തു വകകളും നശിപ്പിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നടപടി തുടരാൻ ഉറച്ച് ഉത്തർ പ്രദേശ് സർക്കാർ. അക്രമം നടത്തിയവരിൽ നിന്നും ഈടാക്കിയ പിഴ തിരിച്ചു നൽകണമെന്നും കാരണം കാണിക്കൽ നോട്ടീസുകൾ പിൻവലിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനെ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് വിവരം.
ഉത്തർ പ്രദേശിൽ മുൻപ് നിലനിന്നിരുന്ന നിയമ പ്രകാരം സർക്കാരിന് ഇത്തരത്തിൽ പിഴ ഈടാക്കാൻ സാധിക്കില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ പുതിയ നിയമ പ്രകാരം കുറ്റവാളികൾക്ക് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ സർക്കാരിന് സാധിക്കുമെന്നും അതിനനുസരിച്ച് പിഴ ഈടാക്കാൻ സാധിക്കുമെന്നും നിയമ വിദഗ്ധർ വ്യാഖ്യാനിക്കുന്നു.
പഴയ നിയമ പ്രകാരം നൽകിയ നോട്ടീസുകളും ഈടാക്കിയ പിഴയും അസാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ 2021ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമ പ്രകാരം സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post