തിരുവനന്തപുരം : ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് എം ശിവശങ്കർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. സർവ്വീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇമെയിൽ വഴി ഇഡിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐ.എ.എസ് ഇന്നാണ് സർവീസിൽനിന്ന് വിരമിക്കുന്നത്.
ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി അറിയിച്ചു.
സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി 18.50 കോടി രൂപയാണ് യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചു. ബാക്കി തുക സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴയായി വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്തത്. സംഭവത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
Discussion about this post