എറണാകുളം: അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാഖ് കുറ്റം സമ്മതിച്ചതായി പോലീസ്. ആലുവ റൂറൽ എസ്പി വിവേക് കുമാർ ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകത്തിന്റെ ഉദ്ദേശ്യം ഉൾപ്പെടെ വിശദമായ അന്വേഷണത്തിന് ശേഷമേ കണ്ടെത്താൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കായിരുന്നു കുട്ടിയെ കാണാതായത്. ഏഴ് മണിയോടെ പരാതി ലഭിച്ചു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം സിസിടിവി ക്യാമറയായിരുന്നു പരിശോധിച്ചത്. ഇതിൽ നിന്നാണ് ബിഹാർ സ്വദേശി അസ്ഫാഖ് അസ്ലമിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതോടെ രാത്രി ഒൻപതരയോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കസ്റ്റഡിയിൽ എടുക്കുമ്പോൾ ബോധം ഇല്ലാത്ത സ്ഥിതി ഉണ്ടായിരുന്നു. മൊഴിയെടുക്കാൻ കുറേ നേരം കാത്തിരുന്നു. രാത്രി മുഴുവൻ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പല പല കാര്യങ്ങളാണ് അസ്ഫാഖ് പറഞ്ഞത്. ഇതിന് ശേഷം രാവിലെയോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവ സ്ഥലം പ്രതി തന്നെയാണ് കാണിച്ച് തന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. മറ്റൊരാൾക്ക് കുട്ടിയെ കൈമാറി എന്നത് അന്വേഷണം വഴിതെറ്റിക്കാനായി പറഞ്ഞത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post