ന്യൂഡൽഹി : 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുകയാണ് രാജ്യം. ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷച്ചടങ്ങുകളിലേക്ക് 1,800 വിശിഷ്ടാതിഥികൾക്കാണ് ക്ഷണമുള്ളത്. ഇവരിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പത് നഴ്സുമാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്നുണ്ട്. സ്വാതന്ത്ര്യദിന പരിപാടിയിൽ നഴ്സിംഗ് സമൂഹത്തെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് നഴ്സുമാരുടെ സംഘടനകൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
എല്ലാ നഴ്സിംഗ് ഓഫീസർമാർക്കും ഇത് അഭിമാന നിമിഷമാണ്. തീർച്ചയായും ഞങ്ങൾ പ്രധാനമന്ത്രി മോദിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇത്തരം അഭിമാനകരമായ നിമിഷങ്ങൾ നഴ്സുമാരെ പ്രചോദിപ്പിക്കുന്നതാണെന്നും നഴ്സിംഗ് ഓഫീസർ ജാവേദ് മുഹമ്മദ് അറിയിച്ചു. ക്ഷണം ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ഹോസ്പിറ്റലിലെ നഴ്സ് ആയ സവിത റാണി വെളിപ്പെടുത്തി. COVID-19 മഹാമാരി സമയത്ത് മികച്ച പ്രവർത്തനം നടത്തി ശ്രദ്ധ നേടിയ നഴ്സാണ് സവിതാ റാണി.
2023 ഓഗസ്റ്റ് 15-ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വില്ലേജുകളിലെ സർപഞ്ചുമാർ, അധ്യാപകർ, നഴ്സുമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടാതിഥികളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ‘ജൻ ഭാഗിദാരി’ കാഴ്ചപ്പാടിന് അനുസൃതമായി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും ഒത്തൊരുമിപ്പിച്ചാണ് ചടങ്ങുകൾ നടത്തുന്നത്.
Discussion about this post