ലക്നൗ: സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്ക് നേരെ ചെരുപ്പേറ്. ഇന്ധിരാഗാന്ധി പ്രതിഷ്ഠാനിൽ പാർട്ടി പരിപാടിയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. ചെരുപ്പെറിഞ്ഞ ആളെ പോലീസ് പിന്നീട് പിടികൂടി.
വൈകീട്ടോടെയായിരുന്നു സംഭവം. സമാജ്വാദി പാർട്ടിയുടെ ഏകദിന മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പ്രസാദ് മൗര്യയ്ക്ക് നേരെ വേദിയിൽ നിന്നും ഷൂസ് എറിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അണികൾ ഷൂസ് വേഗം കൈകൊണ്ട് പിടിച്ചു. അതിനാൽ പ്രസാദ് മൗര്യയുടെ ശരീരത്തിൽ തട്ടിയില്ല. ഉടനെ പോലീസ് എത്തി ചെരുപ്പെറിഞ്ഞയാളെ പിടികൂടുകയായിരുന്നു.
അഭിഭാഷകനാണ് പ്രതിയെന്നാണ് പോലീസ് നൽകുന്ന വിവരം. കറുത്ത കോട്ടുൾപ്പെടെ ധരിച്ചായിരുന്നു ഇയാൾ പരിപാടിയിൽ പങ്കെടുത്തിരുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് എത്തി.
Discussion about this post