ഹൈദരാബാദ്:പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു. ഓരോ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിന് ഒരു ശീലമായി മാറിയിരിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി കാര്യങ്ങള്‍ റോഡിലേക്ക് കൊണ്ടുവരരുതെന്നും നായിഡു കോണ്‍ഗ്രസിനെ ഉപദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വഴികാട്ടിയായി അവര്‍ക്ക് നേതൃത്വം നല്‍കണം. അല്ലാതെ കോടതി സമന്‍സിന്റെ പേരില്‍ പുറത്തിറങ്ങി ഘോഷയാത്ര നടത്തുകയല്ല വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹത്തിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ സമന്‍സ് ലഭിച്ചത്. അദ്ദേഹം ഘോഷയാത്ര നടത്താതെയും പാര്‍ലമെന്റോ ഗുജറാത്ത് അസംബ്ലിയോ തടസ്സപ്പെടുത്താതെയുമാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കോടതി ജാമ്യം അനുവദിച്ചത് എങ്ങനെയെന്നത് എന്നെ അതിശയിപ്പിച്ചു. കേസുമായി നരേന്ദ്ര മോദിക്ക് ഒരു ബന്ധവുമില്ല. 2012 ലാണ് ഈ കേസ് ഫയല്‍ ചെയ്തത്. അന്നു മന്മോഹന് സിങ് ആയിരുന്നു പ്രധാനമന്ത്രി. സര്‍ക്കാര്‍ പ്രതിപക്ഷത്തെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരമൊരു കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് സത്യം അറിയാം- അദ്ദേഹം വ്യക്തമാക്കി.
Discussion about this post