തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ കോടതിയില്‍ അനുഗമിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ജെ.എസ്.എസിന്റെ നിര്‍ണായക നേതൃയോഗം ശനിയാഴ്ച ചേരും. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജുവും അനുകൂലികളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
രാജന് ബാബുവിനെതിരെ യു.ഡി.എഫ് നടപടി ആലോചിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ ഭാരവാഹികളുടെ യോഗവും അന്നേ ദിവസം ചേരുന്നുണ്ട്. യു.ഡി.എഫിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഷാജു വിഭാഗം കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
വിവാദ പ്രസംഗത്തിന്റെ പേരില്‍ കോടതി നടപടി നേരിട്ട വെള്ളാപ്പള്ളി നടേശനെ രാജന് ബാബു അനുഗമിച്ചതാണ് യു.ഡി.എഫില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വെള്ളാപ്പള്ളിയെ അനുഗമിച്ചത് ചോദ്യം ചെയ്ത് പ്രസിഡന്റ് കെ.കെ. ഷാജു രംഗത്തെത്തിയതാണ് ജെ.എസ്.എസില്‍ വീണ്ടും ഒരു പിളര്‍പ്പിന് കളമൊരുക്കിയിരിക്കുന്നത്.
രാജന് ബാബു എസ്.എന്‍.ഡി.പിയുടെ ലീഗല്‍ അഡ്വൈസര്‍ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നുമാണ് ഷാജു വിഭാഗത്തിന്റെ ആവശ്യം
Discussion about this post