ന്യൂഡല്‍ഹി: ഹണിമൂൺ യാത്ര വൈകിയതിനാലാണ് ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ചതെന്ന് യാത്രക്കാരന്റെ മൊഴി. യാത്ര 13 മണിക്കൂര്‍ വൈകിയത് കൊണ്ടാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്ന് യാത്രക്കാരന് സാഹില്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ വൈകുമെന്ന വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരന് ആക്രമിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റായ അനൂപ് കൂമാറിനെയാണ് യാത്രക്കാരന് ആക്രമിച്ചത്. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം 13 മണിക്കൂറോളം വൈകിയിരുന്നു. ഈ വിവരം യാത്രക്കാരുമായി പൈലറ്റ്പങ്കുവെയ്ക്കുകയായിരുന്നു. ഈ സമയത്താണ് പ്രകോപിതനായ യാത്രക്കാരന് അവസാന നിരയില്‍ നിന്ന് ഓടി വന്ന് പൈലറ്റിനെ ഇടിച്ചത്.
സംഭവത്തില്‍, ഇന്‍ഡിഗോ വിമാനക്കമ്പനി നല്കിയ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.സഹിലിനെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്യുകയും ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് കാരണം നൂറുകണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനു പുതിയ മാര്‍ഗരേഖ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയിരുന്നു. മൂന്ന് മണിക്കൂറിലധികം വൈകിയ വിമാനങ്ങള്‍ റദ്ദാക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.
Discussion about this post