ചണ്ഡീഗഡ് : മുൻ ഹരിയാന എംപി ആയിരുന്ന അശോക് തൻവാർ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച ശേഷമാണ് അശോക് തൻവാർ ബിജെപിയിലേക്ക് എത്തുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ അശോക് തൻവാറിന് ബിജെപി അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. വൈകാതെ തന്നെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും മനോഹർലാൽ ഖട്ടാർ സൂചിപ്പിച്ചു.
മുൻപ് കോൺഗ്രസിന്റെ ഭാഗമായിരുന്ന അശോക് തൻവാർ 2022 ലാണ് ആം ആദ്മി പാർട്ടിയിൽ ചേരുന്നത്. കോൺഗ്രസിൽ ആയിരുന്ന സമയത്തായിരുന്നു അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ആയിട്ടായിരുന്നു തൻവാർ അറിയപ്പെട്ടിരുന്നത്. 2019 വരെ ഹരിയാന കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു അശോക് തൻവാർ.
2022ൽ കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തൻവാർ ആം ആദ്മി പാർട്ടിയിൽ ചേരുകയായിരുന്നു. എന്നാൽ ഇൻഡി സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ അശോക് തൻവാർ ആം ആദ്മിയുമായി അകലുകയായിരുന്നു. തുടർന്ന് ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച തൻവാർ ബിജെപിയിൽ ചേരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ നേടിക്കൊടുക്കാനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം അശോക് തൻവാർ വ്യക്തമാക്കി.
Discussion about this post