തിരുവനന്തപുരം: ചീറിപ്പായുന്ന ടിപ്പർ ലോറികളുടെ വേഗം കുറയക്കാനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. വരും ദിവസങ്ങളിൽ ടിപ്പർ ലോറികളിൽ വ്യാപക പരിശോധന നടത്തും. നിയമലംഘനം നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ടിപ്പർ ലോറികളിലെ സ്പീഡ് ഗവർണറുകൾ ഊരിവച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇത് തിരിച്ച് ഘടിപ്പിക്കണം. ടിപ്പർ ലോറികളുടെ അമിത വേഗം തടയാൻ വ്യാപക പരിശോധന നടത്തും. നിയമ ലംഘനം നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. സ്പീഡ് ഗവർണറുകൾ ഊരി മാറ്റിയിട്ടുള്ള വാഹനങ്ങൾ പിടിച്ചെടുക്കും. ചില ലോറികളിൽ സ്പീഡ് ഗവർണർ ഊരിമാറ്റാതെ ചില അഡ്ജസ്റ്റ്മെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളിൽ ചില കനമ്പനികൾ കള്ളത്തരങ്ങൾ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീഡ് ഗവർണറുകൾ ഉപയോഗിച്ച് ടിപ്പർ ലോറികളുടെ വേഗത 60 കിലോമീറ്റർ ആയിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്. വാഹനപരിശോധനയ്ക്കിടെ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് നേരത്തെ തന്നെ അറിയിപ്പ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post