അമരാവതി: തലസ്ഥാന നഗരിയായ അമരാവതിയുടെ വികസനത്തിനായി വൻ പദ്ധതികൾക്ക് രൂപം കൊടുത്ത് ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തിനുള്ളിൽ അമരാവതി സ്വർഗതുല്യമാക്കാനാണ് തീരുമാനം. കെട്ടിട നിർമാണം ഉൾപ്പെടെയുള്ള 11,467 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ടെൻഡർ ക്ഷണിക്കാൻ തലസ്ഥാന മേഖല വികസന അതോറിറ്റി (സിആർഡിഎ) തീരുമാനിച്ചു കഴിഞ്ഞു.
11,467 കോടി രൂപയുടെ 23 നിർദേശങ്ങൾക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. കെട്ടിടങ്ങൾ, റോഡുകൾ, വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനം എന്നിവ ഉൾപ്പെടെയുള്ളതാണ് 23 നിർദേശങ്ങൾ. 2025 ജനുവരിയിൽ പദ്ധതി പ്രവൃത്തികൾ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അമരാവതിയിൽ വൻ വികസന പ്രവൃത്തികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഹൈക്കോടതി കെട്ടിടം, നിയമസഭ സമുച്ചയം എന്നിവയുണ്ടാകും.
അമരാവതി നഗരത്തിനകത്ത് ഒമ്പത് തീം സിറ്റികൾ നിർമ്മിക്കും. ഗവൺമെന്റ് സിറ്റി, ജസ്റ്റിസ് സിറ്റി, ഫിനാൻസ് സിറ്റി, നോളജ് സിറ്റി, ഇലക്ട്രോണിക് സിറ്റി, ഹെൽത്ത് സിറ്റി, സ്പോർട്സ് സിറ്റി, മീഡിയ സിറ്റി, ടൂറിസം സിറ്റി എന്നിവയാണ് ആ ഒമ്പത് തീം സിറ്റികൾ. പേരുകൾ സൂചിപ്പിക്കുന്ന തീമുകളിൽ പെട്ട ബിസിനസ്സുകളാണ് അതതിടങ്ങളിൽ നടക്കുകയെന്നും വിവരങ്ങളുണ്ട്. 22 കിലോമീറ്ററോളം വരുന്ന നദീമുഖത്താവും അമരാവതി സ്വർഗതുല്യമായി ഉയർന്നുവരിക. കൃഷ്ണനനദിക്കരയിലാണ് അമരാവതി പണിയുന്നത്.
Discussion about this post