’32 വെട്ടുകളെ ഓര്‍മ്മിപ്പിച്ച് ജയരാജന് ഇറങ്ങുമ്പോള്‍’ എന്ന തലക്കെട്ടില്‍ രാഷ്ട്രീയ നിരീക്ഷകനായ അപ്പുക്കുട്ടന് വള്ളിക്കുന്ന് ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് പി ജയരാജനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്നത്.
‘ജയരാജന്റെ കാട്ടാക്കട തെരഞ്ഞെടുപ്പ് പ്രസംഗം പൊലീസ് കേസെടുക്കുന്നതിലോ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി പരിഗണിക്കുന്നതിലോ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും കേരളത്തില്‍ നടക്കുന്ന പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ അടിത്തറയെതന്നെ വെല്ലുവിളിക്കുന്നതാണെന്നും, അത് ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണെന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന എഴുതുന്നു.
പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായ ജയരാജന്റെ കൊലവിളിയെ തള്ളിപ്പറയാന്‍ സി.പി.എം തയാറായില്ല. മാത്രമല്ല കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കേണ്ടെന്നുപോലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇക്കാര്യത്തിലുള്ള കൃത്യമായ നിലപാട് സി.പി.ഐ അടക്കം എല്‍.ഡി.എഫിലെ ഘടകകക്ഷികളും അതിനെ പിന്താങ്ങുന്ന മറ്റ് പാര്‍ട്ടികളും വ്യക്തമാക്കേണ്ടതുണ്ട്.-അദ്ദേഹം ആവശ്യപ്പെട്ടു.
.
” ആര്.എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പി. ജയരാജന് ജയിലിലായിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന കാര്യം പരിഗണിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഉന്നത നീതിപീഠം പി.ജയരാജന് നിരോധനം ഏര്‍പ്പെടുത്തിയതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകൂട ഭീകരത മൂലമാണ് തനിക്ക് കണ്ണൂരില്‍ കടക്കാനാകാത്തത് എന്നാണ് ജയരാജന് കാട്ടാക്കടയില്‍ പറഞ്ഞത്. ഉന്നത നീതിപീഠങ്ങളെപ്പോലും ജയരാജന് അവഹേളിക്കുന്നു.”- എംഎം മണിയുടെ ഇടുക്കിയിലെ കൊലവെറി പ്രസംഗത്തെ പരാമര്‍ശിക്കുന്ന വള്ളിക്കുന്ന് സി.പി.എം നേതാക്കളുടെ നാക്കുപിഴയില്നിന്ന് തുടങ്ങുന്നതോ നേതൃത്വം തള്ളിപ്പറഞ്ഞാല്പോലും തീരുന്നതോ അല്ല കേരള സി.പി.എമ്മില്‍ നിലനില്‍ക്കുന്ന കടംവീട്ടല്‍ അക്രമരാഷ്ട്രീയമെന്ന് എഴുതുന്നു.
”ഒഞ്ചിയത്ത് ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ രാത്രി വഴിയില്‍ പിന്തുടര്ന്ന് വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ യു.ഡി.എഫ് ആണെന്ന് രഹസ്യമായി മരണവാര്‍ത്തക്ക് തൊട്ടുപിറകെ മാധ്യമങ്ങളെ അറിയിച്ചത് പി. ജയരാജനായിരുന്നു. മാധ്യമങ്ങള്‍ ആ ഇരയില്‍ കൊത്തിയില്ലെന്ന് കണ്ടപ്പോള്‍ പത്രസമ്മേളനം വിളിച്ച് ഇത് വാര്‍ത്തയാക്കിയതും. പക്ഷേ, ടി.പി വധക്കേസ് വിചാരണചെയ്ത കോഴിക്കോട് മാറാട് സെഷന്‍സ് കോടതി തെളിവുകള്‍ ആറ്റിക്കുറുക്കിയെടുത്ത് പുറപ്പെടുവിച്ച വിധിപ്രസ്താവനയുണ്ട്: സി.പി.എം വിട്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ടി.പി ചന്ദ്രശേഖരനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എം തന്നെയാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ മന:സ്സാക്ഷിയെ നടുക്കിയ ഹീനമായ ആ കൊലപാതകത്തില്‍ പങ്കാളികളായ വാടകക്കൊലയാളികളും സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ജീവപര്യന്തവും മറ്റുമായ തടവുശിക്ഷ അനുഭവിച്ച്. ഒരാളൊഴിച്ച് പാര്‍ട്ടി നേതാക്കളായ മറ്റെല്ലാവരും കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇപ്പോഴും ജയിലില്‍ അതേ പാര്‍ട്ടി സ്ഥാനങ്ങളില്‍ തുടരുകയാണ്.”
ഇതിന്റെ തുടര്‍ച്ചയായ പാര്‍ട്ടി നയപ്രഖ്യാപനമാണ് പി. ജയരാജന് കാട്ടക്കടയില്‍ എല്‍.ഡി.എഫിന്റെ അരങ്ങുകളും ആദരവും സ്വീകരിച്ച് നടത്തിയതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കാളികളാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ചിട്ടുള്ള സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. പൗരന്മാരുടെ ജീവന് സുരക്ഷ ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സത്യവാങ്മൂലം എഴുതി ആ ഉറപ്പ് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവെച്ചാണ് സി.പി.എം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആ ഉറപ്പിലാണ് തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുന്നതും വിവിധ നിയമസഭകളിലും ഗവണ്മെന്റുകളിലും പങ്കാളികളാകുന്നതും.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടനക്കും കോടതികള്‍ക്കും മേലെയാണ് സി.പി.എം എന്ന നിലയ്ക്കാണ് കേരളത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ടി.പി വധക്കേസിലെ കോടതിവിധി ഇനിയും അംഗീകരിക്കാത്തത്. കതിരൂര്‍ മനോജ് വധക്കേസിലും ഫസല്ഷുക്കൂര് വധക്കേസുകളിലും പ്രതിയാക്കപ്പെട്ട പാര്‍ട്ടി നേതാക്കള്‍ അഗ്നിശുദ്ധി വരുത്തണമെന്ന നിലപാട് സ്വീകരിക്കാത്തത്.
ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായിമാരെയും കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുനിര്ത്തിയിരിക്കയാണ് നീതിപീഠം. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇവരെ സി.പി.എം സ്ഥാനാര്‍ത്ഥികളാക്കി. ഉറപ്പുള്ള സീറ്റുകളില്‍ നിര്‍ത്തി വിജയിപ്പിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനങ്ങളില്‍ അവരോധിച്ചു. ഒടുവില്‍ പാര്ട്ടിക്കകത്തുനിന്നുപോലുമുള്ള കടുത്ത എതിര്‍പ്പിനു വഴങ്ങി അവരെ രാജിവെപ്പിക്കേണ്ടിവന്നു.
ഇതിന്റെ തുടര്‍ച്ചയായി പി. ജയരാജനേയും നിയമസഭാതെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും എല്‍.ഡി.എഫ് ജയിച്ചാല്‍ മന്ത്രിയാക്കാനും ആലോചിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നം അവകാശപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ കടന്നുകൂടെന്നതടക്കമുള്ള ഉപാധികളോടെയാണ് ഒടുവില്‍ ജാമ്യം കിട്ടിയത്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് മത്സരിക്കാനുള്ള പഴുത് പി.ജയരാജന് അടഞ്ഞുപോയത്. കോഴിക്കോട് ജില്ലാ പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് അവിടെനിന്നുള്ള പരീക്ഷണവും മാറ്റിവെക്കേണ്ടിവന്നു.”
”യഥാര്‍ത്ഥത്തില്‍ പി. ജയരാജനെ നേതൃത്വംതന്നെ കയറഴിച്ചു വിട്ടിരിക്കുകയാണ്. ജയിലിലടച്ചപ്പോള്‍ ഗുരുതര രോഗത്തിന്റെ പേരില്‍ ആശുപത്രിയില്‍ അഭയം തേടിയ ആളാണ് മാരകമായ വേനല്‍ച്ചൂടില്‍ വാളുയര്‍ത്തി പ്രചാരണരംഗത്തിറങ്ങിയിരിക്കുന്നത്.”
കണ്ണൂരില്‍നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ കാര്യത്തില്‍ സി.പി.എമ്മിന് പ്രത്യേകമൊരു നിയമാവലിയാണെന്ന് തോന്നുന്നുവെന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന ആരോപിക്കുന്നു.
Discussion about this post