തിരുവനന്തപുരം: ചില മണ്ഡലങ്ങളില്‍ ബിജെപിയുമായാണ് യുഡിഎഫ് മത്സരിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തില്‍ മത്സരം ഇടതുപക്ഷവുമായാണെന്നു ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ മുമ്പ് പറഞ്ഞതില്‍ മാറ്റമില്ല. മോദി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ പൗരാവകാശ ധ്വംസനങ്ങകളെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ ഇടതുമുന്നണിയുടെ മദ്യനയമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം എന്നതാണ് യുഡിഎഫ് നയം. വര്‍ഷം തോറും 10 ശതമാനം ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടും. പുതിയബാറുകള് അനുവദിക്കില്ല. ഇതാണ് യുഡിഎഫ് നയം. എന്നാല്‍ എല്‍ഡിഎഫിന്റെ മദ്യ നയമെന്താണ്? അവര്‍ക്ക് സ്വന്തമേയൊരു നയമില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ, പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കുമോ എന്നാണ് അറിയേണ്ടത്. എല്‍ഡിഎഫിന്റെ നേതാക്കന്മാര് പലപ്പോഴും പല കാര്യങ്ങളാണ് പറയുന്നത്. അവരുടെ നയമെന്താണെന്ന് അവര്‍ ഒന്നിച്ച് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും രാവിലെ പറഞ്ഞിരുന്നു.
Discussion about this post