ഡൽഹി: ആറ് ലക്ഷം കോടി രൂപ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്ത് പണത്തിന് ദൗർലഭ്യം ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുവെ ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
പുതിയ 500, 2000 രൂപാ നോട്ടുകൾ ആവശ്യത്തിന് ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തിച്ചിട്ടുണ്ട്. സർക്കാരിന്റെ നോട്ട് നിരോധനം വിജയമായതിന് തെളിവാണ് ഇത്രയും രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയത്. നിക്ഷേപം കൂടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ ബാങ്കുകളിൽ കുറയ്ക്കും. ഇതിന്റെ നേട്ടം ലഭിക്കുക സാധാരണക്കാർക്ക് ആയിരിക്കുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.
നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ പണത്തിന്റെ ഉപയോഗത്തിൽ വൻ വർദ്ധന ഉണ്ടായതായും എജി കോടതിയില്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും എ.ജി വ്യക്തമാക്കി.
അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനമുള്ള കേസുകൾ എല്ലാം പരമോന്നത കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിൽ വെള്ളിയാഴ്ച വാദം കേൾക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.
Discussion about this post