തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും, ചില കാര്യങ്ങളില്‍ വാ തുറക്കാത്ത എം.ടിയുടെ ഇരട്ടതാപ്പ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. എംടി വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ല. സാഹിത്യകാരന് എന്ന നിലയില്‍ എംടിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ തന്നെ എംടിയുടെ രാഷ്ട്രീയ നിലപാടിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എഎന്‍ രാധാകൃഷ്ണന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളീയ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അതേപ്പറ്റി വാതുറക്കാത്ത എംടിയുടെ ഇരട്ടത്താപ്പാണ് ചൂണ്ടിക്കാണിച്ചത്. അത് ഇനിയും തുടരും. തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ഭാഷാ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മുസ്ലീംലീഗിന്റെ എതിര്‍പ്പ് മൂലം സ്ഥാപിക്കാനായിട്ടില്ല. പ്രതിമ പണിയുന്ന സമയത്ത് ട്രസ്റ്റ് ചെയര്‍മാനായിരുന്ന എംടി അതേപ്പറ്റി മിണ്ടിയിട്ടില്ല. ഒടുവില്‍ പ്രതിമക്ക് പകരം എഴുത്താണിയും പുസ്തകവുമാണ് സ്ഥാപിച്ചത്. മുസ്ലീംലീഗിനെ പേടിച്ച് ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്ന ആളാണ് എംടിയെന്നും എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.
സ്വന്തം നാട്ടില്‍ ടിപി ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയപ്പോഴോ മറ്റു സാഹിത്യ-സാംസ്കാരക നായകന്മാര് ആക്രമിക്കപ്പെട്ടപ്പോഴോ പ്രതികരിക്കാത്ത എംടിയുടെ ഇപ്പോള്‍ പ്രതികരിക്കുന്ന രാഷ്ട്രീയപ്രേരണയെ തുടര്‍ന്നാണ് ഇതിനോട് പ്രതികരിക്കേണ്ട ബാധ്യത ബിജെപിക്കുണ്ട്.സാഹിത്യകാരന്മാര് നിഷ്പക്ഷത പാലിക്കണം. മറിച്ച് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അതിനുള്ള മറുപടി കേള്‍ക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് നിലപാടുകളെ വിമര്‍ശിച്ച സാഹിത്യകാരന് സക്കറിയയെ സ്റ്റേജില്‍ കയറി കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ച ഇടത് പക്ഷം തന്നെ സഹിഷ്ണുത പഠിപ്പിക്കാന്‍ വരേണ്ട. ഉമേഷ്ബാബു, ടി പി ശ്രീനിവാസന്, പൊഫ്ര സരസു, സി ആര് നീലകണ്ഠന് എന്നിവരെയൊക്കെ ശാരീരികമായി മര്‍ദ്ദിച്ച് ഒതുക്കാന്‍ നോക്കിയ ഇടത് നേതാക്കളുടെ വക്കാലത്ത് ഇക്കാര്യത്തില്‍ ആവശ്യമില്ല. എംടിയെ വിമര്‍ശിച്ചതിന്, അസഹിഷ്ണുതയുടെ തമ്പുരാക്കന്മാരായ ഇടത് നേതാക്കള്‍ തനിക്കെതിരെ വാളെടുക്കുന്നത് ജനങ്ങള്‍ പുച്ഛത്തോടെയേ കാണുകയുള്ളൂ എന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
Discussion about this post