”കേരളത്തിന്റെ ഇടതുപക്ഷ – മതനിരപേക്ഷ രാഷ്ട്രീയബോധം ഇത്തരം ഭീഷണികള്‍ക്കുമുമ്പില്‍ വഴങ്ങാന്‍പോകുന്നില്ല. സ്വയം തെറ്റുതിരുത്തുക, അത് പൂര്‍ണ്ണമായും തിരുത്തുക – ഇതാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഗവണ്മെന്റും അടിയന്തരമായി ചെയ്യേണ്ടത്. വിണേടത്തു കിടന്നുരുണ്ട് വീര്യം നടിക്കുകയല്ല.”
അപ്പുക്കുട്ടന് വള്ളിക്കുന്ന്. ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്, ബ്ലോഗില്‍
കെ.എം ഷാജഹാന് ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്ത് ജയിലിലടിച്ച നടപടി അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായി അപ്പുകുട്ടന്‍ വള്ളിക്കുന്ന്.ഷാജഹാനോട് ചെയ്യുന്നത് ഭരണകൂട പീഡനം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വള്ളിക്കുന്നിന്റെ വിമര്‍ശനം.
രാഷ്ട്രീയ നിരീക്ഷകനും പൊതു പ്രവര്‍ത്തകനുമായ കെ.എം ഷാജഹാനെ മോചിപ്പിക്കില്ലെന്ന എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ നിലപാട് വ്യക്തിവിദ്വേഷത്തിലൂന്നിയ ഭരണകൂട പീഢനമാണ്. എല്‍.ഡി.എഫ് ഗവണ്മെന്റിനെ അധികാരത്തിലെത്തിച്ച ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികള്‍ക്ക് അത് പൊറുക്കാനാവില്ലെന്ന് അദ്ദേഹം എഴുതുന്നു.
മുന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരളം അറിയുന്ന പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ കെ.എം ഷാജഹാന് അറസ്റ്റിലായത് പൊതുവിഷയമല്ലെന്നും ഷാജഹാന്റെ അറസ്റ്റ് ജനങ്ങള്‍ക്കൊരു വിഷയമല്ലെന്നും മന്ത്രി സുധാകരന് പറയുന്നു. ഇത് ധിക്കാരവും ജനാധിപത്യത്തോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. ലാവ്ലിന്‍കേസില്‍ ഹൈക്കോടതിയില്‍ കക്ഷിചേരാന്‍ മുതിര്‍ന്ന കെ.എം ഷാജഹാനോടുള്ള മുഖ്യമന്ത്രിയുടെ വ്യക്തിവിരോധം അറസ്റ്റിലൂടെയും ഗൂഢാലോചന കേസിലൂടെയും പ്രകടമാകുന്നത് അമിതാധികാര വാഴ്ചയുടെ തുടക്കമാണ്. ഷാജഹാന് പൊലീസ് ഗൂഢാലോചനയുടെ ഇരയാണെന്ന് വ്യക്തമാണ്.”
-അപ്പുക്കുട്ടന് വള്ളിക്കുന്ന് ബ്ലോഗില്‍
ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ആറുമണിക്കൂര്‍ പൊലീസ് വാനില്‍ തിരുവനന്തപുരം നഗരം ചുറ്റിച്ചതും പിറ്റേന്ന് പുലര്‍ച്ചെമാത്രം ജയിലിലെത്തിച്ചതും അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയെ ഓര്‍മ്മിപ്പിക്കുന്നു.വെന്നും അപ്പുകുട്ടന്‍ വള്ളിക്കുന്ന് പറയുന്നു. മന്ത്രി ജി സുധാകരനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ സ്തുതിപാഠകരാകുന്നതും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതും ഇടതുപക്ഷ ഗവണ്മെന്റില്നിന്ന് പ്രതീക്ഷിക്കാത്തതാണ്. സോവിയറ്റ് യൂണിയന് തകര്‍ന്നതിനുശേഷം അധികാരത്തില്‍വന്ന ഗവണ്മെന്റ് എന്നതുകൊണ്ടാണ് പിണറായി സര്‍ക്കാരിനെതിരെ വിദേശശക്തികളുടെ ഗൂഢാലോചന എന്ന കണ്ടെത്തലും വിചിത്രമാണ്. പിണറായിയുടെ ഗവണ്മെന്റ് വരുന്നതിനുമുമ്പ് 2006ല്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത് സോവിയറ്റ് യൂണിയന് തകര്‍ന്നതിന് ശേഷമായിരുന്നു. സോവിയറ്റ് യൂണിയന് തകര്‍ന്നിട്ടും രണ്ടു പതിറ്റാണ്ടുകാലം പശ്ചിമബംഗാളില്‍ ഇടതുമുന്നണി അധികാരത്തില്‍ തുടരുകയുണ്ടായി. അവിടെ ഭരണം കുറ്റിയറ്റുപോയത് വിദേശശക്തികളുടെ ഗൂഢാലോചനകൊണ്ടല്ല. സി.പി.എമ്മിന്റെ ജനവിരുദ്ധ ഭരണനടപടികള്കൊണ്ടാണ്. ആ വഴിക്കാണ് കേരളത്തില്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് ഇപ്പോള്‍ നീങ്ങുന്നതെന്നും ലേഖനം വിലയിരുത്തുന്നു.
അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം മന്ത്രിമാര്‍ക്കോ ഭരണകക്ഷി നേതാക്കള്‍ക്കോ ഇന്ത്യന്‍ ഭരണഘടന സംവരണം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്ബലമില്ലെന്നുവെച്ച് സ്വതന്ത്രമായ നിലപാടുകള്‍ എടുക്കുന്നവരെ വിദേശ ശക്തികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തുന്നതും തടവിലാക്കുന്നതും തെറ്റാണെന്നും ലേഖനം സമര്‍ത്ഥിക്കുന്നു.
Discussion about this post