കട്ടപ്പന: ഇടുക്കിയിലെ ചെറുകിട കയ്യേറ്റങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യേറ്റങ്ങളെ വേർതിരിച്ചു കാണണം. തൊഴിലാളികളുടെയും വൻകിടക്കാരുടെയും കയ്യേറ്റം വ്യത്യസ്തമാണ്. കുടിയേറ്റക്കാരെ സംരക്ഷിക്കും. ദശാബ്ദങ്ങളായി താമസിക്കുന്നവരെ പീഡിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പനയിൽ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നാറിനെ സംരക്ഷിക്കുന്നത് ദേശീയസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ട്. കയ്യേറ്റത്തിനു സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാർ ഭൂമി കയ്യേറിയവർ അതു തിരിച്ചു നൽകുന്നതാണു നല്ലത്. രണ്ടു സെന്റ് ഭൂമിയിൽ കൂര വച്ചു താമസിക്കുന്നത് കുറ്റമായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
കയ്യേറ്റക്കാരെ നിര്ദാ ക്ഷിണ്യം ഒഴിപ്പിക്കും. കുടിയേറ്റക്കാരെ മറയാക്കി കയ്യേറ്റം നടക്കുന്നുണ്ട്. കള്ളവിദ്യകളിലൂടെ കയ്യേറ്റം നടത്തുന്ന വൻകിടക്കാരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി, രേഖ തയാറാക്കി, ഉടമസ്ഥാവകാശ രേഖ കൈകൊള്ളാൻ മാത്രം തരത്തിൽ കാര്യങ്ങൾ പൂർണതയിലായിട്ടുണ്ട്. ഇത്തരം പട്ടയമാണ് ഇവിടെ നൽകുന്നത്. ഇതൊരു ഭാഗം മാത്രമേ ആയിട്ടുള്ളൂവെന്ന് സർക്കാരിന് അറിയാം. ഇടുക്കിയിൽ അർഹരായവർക്കെല്ലാം രണ്ടു വർഷത്തിനകം പട്ടയം നൽകും.
Discussion about this post