തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈന്. ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷയുടെ പ്രസ്താവന കേരളത്തെ ശരിയായി മനസ്സിലാക്കാതെയാണെന്നും സംസ്ഥാന അദ്ധ്യക്ഷ പറഞ്ഞു. കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ ശ്രമിച്ചതെന്നും എം സി ജോസഫൈന് ആരോപിച്ചു.
ദേശീയ വനിതാകമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ്മ ഇന്നലെ വൈക്കം സ്വദേശിനി അഖിലയെ സന്ദര്‍ശിച്ചിരുന്നു. അഖിലയുടേത് ലൗ ജിഹാദല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആണ് നടന്നിരിക്കുന്നതെന്നും സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ രംഗത്തെത്തിയത്.
അഖില വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നുമാണ് രേഖാ ശര്‍മ പറഞ്ഞത്. എന്നാല്‍, ഇത് കോടതിയില്‍ എത്തുമ്പോള്‍ തെളിയുമെന്നും ജോസഫൈന് പറഞ്ഞു.
അഖിലയുടെ കാര്യത്തില്‍ ലൗ ജിഹാദല്ല മറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നായിരുന്നു രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടത്.
ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും രണ്ടാണ്. മതപരിവര്‍ത്തനം സംബന്ധിച്ച് കേരളത്തില്‍ നിന്ന് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നുമാണ് അവര്‍ പറഞ്ഞത്.
Discussion about this post