
ലാല്‍ സലാം സഖാവെ …
ലാല്‍ സലാം. ചൈന ജയിക്കട്ടെ,
മുസ്ലിം പള്ളികള്‍ ഇനിയും തകര്‍ക്കട്ടെ
‘ ചൈന ഞങ്ങളുടെ വികാരമാണ് ; അതിനെക്കുറിച്ച് എന്ത് പറഞ്ഞാലും ഞങ്ങള്‍ക്ക് സഹിക്കാനാവില്ല…..’. ഇതാണിപ്പോള്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ നമുക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്. ചൈനയാണ് സ്വര്‍ഗം…..ചൈനയാണ് ലോകത്തിന്റെ രക്ഷ….ചൈനയാണ് നമ്മുടെ അന്നം …..അങ്ങിനെപോകുന്നു ആ വാദഗതികള്‍. കോടിയേരി ബാലകൃഷ്ണനാണ് ആദ്യമൊക്കെ പറഞ്ഞതെങ്കില്‍ അതിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ചിരിക്കുന്നു. എങ്കിലൊരു സംശയം; ചൈനയെങ്കില്‍ ചൈന. അവര്‍ എന്തും ചെയ്യട്ടെ, നമുക്ക് പിന്തുണക്കാം എന്നാണോ സിപിഎമ്മിന്റെ നയസമീപനം?. അതുകൂടി സഖാക്കള്‍ വിശദീകരിക്കണം, അതും കേരളത്തില്‍, പിന്നെ മതി ആ വിശദീകരണം ദല്‍ഹിയില്‍ .
ചൈനയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ഇന്നിപ്പോള്‍ മനസ്സില്‍ വന്നത് രണ്ട് വാര്‍ത്തകളാണ്. അക്ഷരാര്‍ഥത്തില്‍ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍. മതേതരത്വം കാത്തുരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ഹിന്ദുക്കള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തകള്‍….. ചൈനയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നശിപ്പിച്ചത് ആയിരക്കണക്കിന് മുസ്ലിം പള്ളികളാണ്. അവിടെയുള്ള പള്ളികളില്‍ ഏതാണ്ട് എഴുപത് ശതമാനവും മൂന്ന് മാസം കൊണ്ട് തകര്‍ത്തു. ജേസിവിയൊക്കെ കൊണ്ടുവന്ന് അടിച്ചുനിരത്തി . ചൈനയിലുള്ളത് ഏതാണ്ട് 23 മില്യണ്‍ മുസ്ലിങ്ങളാണ് എന്നതാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ അത് അന്‍പത് മില്യണ്‍ വരുമെന്നാണ് മുസ്ലിം സമുദായക്കാര്‍ പറയുന്നത്. അവിടെ മുസ്ലിങ്ങളുടെ എണ്ണം കുറയ്ക്കാന്‍, മതവിശ്വാസം വളരുന്നത് നിയന്ത്രിക്കാന്‍ ഒക്കെയായിട്ടാണത്രെ ഈ ‘കടുംവെട്ട് ‘. ഒന്നാലോചിച്ചു നോക്കൂ…..ലോകത്ത് മറ്റെവിടെയാണെങ്കിലും സഖാക്കള്‍ ഇവിടെ ഹര്‍ത്താല്‍ ആചരിക്കുമായിരുന്നില്ലേ…… ദുരിതാശ്വാസ നിധി പിരിക്കുമായിരുന്നില്ലേ?. ഇറാഖിന് വേണ്ടിയും യെമന്‍ വേണ്ടിയുമൊക്കെ തെരുവിലിറങ്ങിയവരാണ് എന്നതോര്‍ക്കുക. ഇറാനില്‍ ചെറിയ പ്രതിസന്ധി ഉണ്ടായപ്പോള്‍ ആഗോള സമ്മേളനം വിളിച്ചവരാണിവര്‍…… പാലസ്തീന് വേണ്ടി നിത്യേന പിരിവും സമ്മേളനവും നടത്തുന്നവര്‍. യഥാര്‍ഥത്തില്‍ ഇസ്രായേല്‍ പലസ്തീനില്‍ ചെയ്തുവെന്ന് പറയുന്നതിലും എത്രയോ ഗുരുതരമായ, നീചമായ, ഭയാശങ്ക ഉണ്ടാക്കുന്ന നടപടിയായിപ്പോയി ചൈന ചെയ്തത്. നമ്മളോര്‍ക്കുക, കാശ്മീരില്‍ അതിക്രമിച്ചുകയറുന്ന പാക് ഭീകരരെ സൈനികര്‍ നേരിടുമ്പോഴും മറ്റും സഖാക്കള്‍ പറയാറുള്ളത് എന്താണ്?. സ്വാതന്ത്ര്യം അപകടത്തില്‍ എന്ന്…….അല്ലെ?. പാക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോഴും സൈനികര്‍ക്ക് നേരെകല്ലെറിയുന്നവരെ പോലീസുകാരന് നേരിടുമ്പോഴും കേരളത്തിലെയും ഇന്ത്യയിലെയും സഖാക്കള്‍ക്ക് സഹിക്കാനാവാറില്ല. നെതന്യാഹു ഇന്ത്യയിലെത്തുന്നു എന്ന് കേട്ടപ്പോള്‍ ഇടത് വലത് സഖാക്കള്‍ ഒന്നിച്ച്! തെരുവിലിറങ്ങിയതും നാം കണ്ടതാണ്. പക്ഷെ ചൈനയിലോ…..അവിടെ മുസ്ലിങ്ങളെ മാത്രമല്ല പള്ളികള്‍ പോലും, അതും ആയിരക്കണക്കിന്, തകര്‍ത്തു. അതൊന്നും ഇവര്‍ കേള്‍ക്കുന്നില്ല, അറിയുന്നില്ല. അവിടെ അതൊക്കെ രാജ്യസുരക്ഷക്കായി……. ആയിരിക്കണം അല്ലെ സഖാവെ?. അതുകൊണ്ടാവണം ഇതുവരെ കേരളത്തിലെ സഖാക്കള്‍, യെച്ചൂരിയും കാരാട്ടുമടക്കമുള്ളവര്‍ നാവനക്കാതിരുന്നത് …..എന്തെങ്കിലും ഉരിയാടിയതായി നമ്മളാരും കേട്ടില്ല. ഇനി കെട്ടവരുണ്ടെങ്കില് പറയണേ. ഭീകരവാദത്തെ തടയാനാണ് പള്ളി തകര്‍ത്തത് എന്നതാണ് ചൈനീസ് സര്‍ക്കാര്‍ അല്ല ചൈനീസ് സഖാക്കള്‍ നല്കുന്ന വിശദീകരണം.
ഇനി മറ്റൊന്ന് കൂടി. 2017 നവംബര്‍ 10 ന് പുറത്തുവന്ന വാര്‍ത്തയാണ്. മകന് മതാചാരങ്ങള്‍ ലംഘിച്ചതിന് പിതാവ് ചീത്ത പറഞ്ഞു. അതിന് പിതാവിനെ ശിക്ഷിച്ചു…. എത്ര വര്ഷമെന്നോ ..ഏതാണ്ട് ജീവപര്യന്തം…..പത്ത് വര്‍ഷം. ‘റിലീജിയസ് എക്സ്ട്രീമിസം’ ആണ് കുറ്റം. ഇനി ആ പിതാവ് എന്താണ് ചെയ്തതെന്ന് കൂടി നോക്കാം. മകന് മദ്യം കഴിച്ചു ബഹളമുണ്ടാക്കിയതാണ് പ്രശ്നം….പിതാവിന് സഹിച്ചില്ല. ചീത്ത പറഞ്ഞു; കൂട്ടത്തില്‍ മദ്യം കഴിക്കുന്നത് മതാചാരത്തിന്റെ ലംഘനമാണ് എന്നും കൂട്ടിച്ചേര്‍ത്തു. മതം എന്ന് പറഞ്ഞതോടെ പ്രശ്നമായി…… പത്ത് കൊല്ലം ഇനി ജയിലില്‍. സിന്‍സിയാങ് പ്രവിശ്യയിലാണ് ഇതുണ്ടായത്. കേരളത്തിലാണ് എങ്കിലോ?. പോട്ടെ ഇത് വലതും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ആയിരുന്നെങ്കിലോ….. ജെഎന്‍യുവില്‍ എന്തൊക്കെ നടക്കുമായിരുന്നു. ഡല്‍ഹിയില്‍ അത്രയേ നടക്കൂ, മറ്റെവിടെയും അവര്‍ക്കവിടെ ആളില്ലല്ലോ….എന്നാല്‍ കേരളത്തില്‍ രാപകല്‍ സമരമെങ്കിലും നടക്കുമായിരുന്നു തീര്‍ച്ച. സൗകര്യപ്പെട്ടാല്‍, ഭരണമില്ലാത്ത കാലത്താണെങ്കില്‍ ഒരു ഹര്‍ത്താലും ഉറപ്പ്. പക്ഷെ ഇതൊന്നും നമ്മുടെ കോടിയേരിയും കൂട്ടരും കണ്ടതായി തോന്നിയിട്ടില്ല.
ചൈന എന്നത് പറഞ്ഞാല്‍ മതി ഞങ്ങള്‍ കൂടെയുണ്ട് എന്നതാണ് സിപിഎം നിലപാട്. പണ്ട് ടിയാന്മെന് ചതുരത്തില്‍ വിദ്യാര്‍ത്ഥികളെ സൈനിക ടാങ്കുകള്‍ ഉപയോഗിച്ച് കൊന്നൊടുക്കിയപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയാതെ പോയ നേതാവാണ് അന്തരിച്ച സഖാവ് പി ഗോവിന്ദപ്പിള്ള. ചൈനയെക്കുറിച്ചു ചിന്തിച്ചതിന് അന്ന് പിജിയെ പാര്‍ട്ടി ശാസിച്ചതും (തരം താഴ്ത്തിയോ, സംശയം ) മാറ്റുമോര്ക്കുക. അതുതന്നെയാണോ ഇപ്പോള്‍ മുസ്ലിം വിരുദ്ധന്യൂനപക്ഷ വിരുദ്ധ കാപാലിക നടപടികളോടും ഉള്ള സമീപനം…… കേരളത്തിലെ ആര്‍എസ്എസ് കരോടോ ബിജെപി ക്കാരോടോ മിണ്ടണ്ട….. പിഡിപിക്കാര്‍, എസ്ഡിപിഐ എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ എല്ലാ അധോലോക സഖ്യകക്ഷികള്‍ക്ക് ബോധ്യമാവുന്ന ഒരു വിശദീകരണം സിപിഎം നടത്തണം………….. എകെജി സെന്ററില്‍ വാര്‍ത്ത സമ്മേളനം നടത്തിയില്ലെങ്കിലും പത്രക്കുറിപ്പ് ഇറക്കിയില്ലെങ്കിലും വേണ്ട; ഒരു ഫേസ് ബുക്ക് പോസ്റ്റ് ആയാലും മതി. കോടിയേരി സ്വന്തം പുത്രനെ ന്യായീകരിച്ചതുപോലെ മതി എന്നര്‍ത്ഥം. ലാല്‍ സലാം സഖാവെ, ലാല്‍ സലാം. ചൈന ജയിക്കട്ടെ, മുസ്ലിം പള്ളികള്‍ ഇനിയും തകര്‍ക്കട്ടെ.
ഏറ്റവും ഒടുവിലായി, ഇത് നരേന്ദ്ര ഭായ് മോദിയോടുള്ള ഒരു അഭ്യര്ഥനയാണ്. ചൈനയിലെ നടക്കുന്നത് പലതും കേരളത്തിലെയും ഡല്‍ഹിയിലെയും സഖാക്കള്‍ക്ക് കൃത്യമായി അറിയാനായി ഒരു സംവിധാനം ഉണ്ടാക്കണം. ഡല്‍ഹിയിലെ ചൈനീസ് എമ്പസിയുമായി സഹകരിച്ചായാലും വേണ്ടില്ല അല്ലെങ്കില്‍ ബിജെപി ഓഫീസ് കേന്ദ്രീകരിച്ചായാലും കുഴപ്പമില്ല. എല്ലാ വിവരങ്ങളും സഖാക്കള്‍ കൃത്യമായി അറിയുന്നു എന്നത് ഉറപ്പാക്കണം…. അല്ലെങ്കില്‍ വല്ലാത്ത വിഷമമായിത്തീരും എന്നത് പറയേണ്ടതില്ലല്ലോ.
https://www.facebook.com/keveeyes/posts/10208652778795646
Discussion about this post