ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് അന്‍പത് ലക്ഷം രൂപ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് സുപ്രിം കോടതി ഉത്തരവില്‍. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന നമ്പി നാരായണന്റെ ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ലെന്ന് അന്തിമ ഉത്തരവ് പുറത്തു വന്നതോടെ വ്യക്തമായി. നഷ്ടപരിഹാര തുകയ്ക്ക് പുറമെ ജുഡീഷ്യല്‍ അന്വേഷണസമിതിയുടെ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
നഷ്ടപരിഹാരതുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന് ആവശ്യമെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി ഉത്തരവിലുണ്ട്.
ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി വിധിച്ചിരുന്നു.സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റ് അനാവശ്യമായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു. സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) ഡി.കെ.ജയിന് നേതൃത്വം വഹിക്കും. കേന്ദ്ര,സംസ്ഥാന പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകും.
ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഭാവിയെയും ഐ.എസ്.ആര്.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ചിന്റെ നടപടിക്കെതിരേയാണ് നമ്പി നാരായണന് സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
Discussion about this post