ലക്നൗ: ശത്രുരാജ്യങ്ങളുടെ എത്ര വലിയ വെല്ലുവിളികളും നേരിടാന്‍ വ്യോമസേന സജ്ജമാണെന്ന് വ്യോമസേന മേധാവി ബി.എസ് ധനോവ . 36 റഫാല്‍ യുദ്ധവിമാനങ്ങളും,എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനങ്ങളും കൂടി ചേരുന്നതോടെ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നും ധനോവ വ്യക്തമാക്കി. യു.പിയിലെ ഹിന്ദോനില്‍ വ്യോമസേന ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ബിഎസ് ധനോവ .
യുദ്ധ സജ്ജരായിരിക്കുക എന്നതാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ പ്രധാന കര്‍ത്തവ്യമെന്നും ഓരോ വര്‍ഷം കഴിയുന്തോറും വ്യോമസേന ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന എപ്പോഴും ജാഗ്രത പാലിക്കേണ്ട മേഖലയാണ് സുരക്ഷ. അപ്പാചെ, ചിനൂക് ഹെലികോപ്റ്ററുകളും സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കേരളത്തിലെ പ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തിലെ വ്യോമസേനയുടെ പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ”വ്യോമസേനയുടെ 23 വിമാനങ്ങളും 25 ഹെലികോപ്റ്ററുകളുമാണു പ്രളയസമയത്ത് കേരളത്തിലെത്തിയത്. തേനി, കത്ര, പത്താന്‍കോട്ട്, കസൂലി എന്നിവിടങ്ങളില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന മുന്‍നിരയിലുണ്ടായിരുന്നു”- അദ്ദേഹം പറഞ്ഞു.
Discussion about this post