ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കൂടുതല്‍ കേസുകള്‍ ചുമത്തി ഭയപ്പെടുത്താമെന്നോ, തോല്പിക്കാമെന്നോ ആരും കരുതേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി എ.എന്‍ രാധാകൃഷ്ണന്. ശബരിമല കേസില്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും, കള്ളക്കേസുകളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ കൈകാര്യം ചെയ്യുമെന്നും എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിറകെ രാധാകൃഷ്ണനെതിരെ സര്‍ക്കാര്‍ 126 കേസുകള്‍ ചുമത്തിയ വിഷയത്തിലാണ് എ.എന്‍ രാധാകൃഷ്ണന്റെ കുറിപ്പ്-
ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇന്നലെ ഞാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വിവരം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് 5 കേസുകളില്‍ എന്നെ അറസ്റ്റ് ചെയ്യുകയും, ഞാന്‍ ജാമ്യം എടുക്കയും ചെയ്തതാണ്. തുടര്‍ച്ചയായി കേസുകള്‍ ചാര്‍ജ് ചെയ്ത് എന്റെ മനോവീര്യം തകര്‍ക്കാമെന്നത് പിണറായി സര്‍ക്കാരുടെ വ്യാമോഹം മാത്രമാണ്. വിശ്വാസ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയപ്പോള്‍ ഈ സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടമായി കരുതി തന്നെയാണ് ഇറങ്ങിയത്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഈ നാട്ടില്‍, ഞാനും എന്റെ പ്രസ്ഥാനവും കൈവരിച്ച മുന്നേറ്റവും ജനപിന്തുണയും കണ്ട് വിറളി പിടിച്ച കമ്മ്യൂണിസ്റ് ഭരണകൂടം നടത്തിവരുന്ന ഏകാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ജനാധിപത്യ വിചാരണയെ ഭയന്ന് അതിനെ കശാപ്പ് ചെയ്യാനുള്ള ഇപ്പോഴത്തെ ഈ നീക്കം. എതിരെ വരുന്നവരെ വെട്ടി വീഴ്ത്തുക എന്ന ഇവരുടെ പ്രാകൃത രീതികളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍, വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധാഗ്നിയില്‍ വെന്തുരുകുന്നവര്‍ അവസാനത്തെ ആയുധം പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ പുതിയ കേസുകള്‍ ചുമത്തി നാമനിര്‍ദ്ദേശ പത്രിക പോലും തള്ളിക്കളയാനുള്ള ഗൂഡ നീക്കങ്ങളാണ് നടക്കുന്നത്. ഞാനും കെ സുരേന്ദ്രന് അടങ്ങുന്ന പല ബിജെപി നേതാക്കളും തങ്ങളുടെ പേരിലുള്ള കേസുകളിലെല്ലാം ജാമ്യമെടുത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ഞങ്ങള്‍ക്കെതിരെ നൂറ് കണക്കിന് കേസ് ചുമത്തി വെല്ലുവിളിക്കുകയാണ്.
ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകള്‍ സധൈര്യം നേരിടും. അതിനായി ജയിലില്‍ പോകാനും തയ്യാറാണ്. എന്നാല്‍ കള്ളക്കേസുകള്‍ ചുമത്തി പിറകില്‍ നിന്ന് കുത്താനുള്ള ശ്രമത്തെ ഞങ്ങള്‍ മാത്രമല്ല, ജനങ്ങളുമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നേരിടുകയെന്ന് മറന്ന് പോകരുത്.
126 കേസുകളാണത്രേ എനിക്കെതിരെ സര്‍ക്കാര്‍ പുതിയതായി ചുമത്തിയത്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലൂടെ മാത്രമാണ് ഞാന്‍ പോലും ഇക്കാര്യം അറിയുന്നത്. ഭയപ്പെടുത്താമെന്നോ തോല്പിക്കാമെന്നോ കരുതണ്ടാ..ജനങ്ങളുണ്ട്.. കോടിക്കണക്കിന് വിശ്വാസികളുണ്ട് പിന്നില്‍… ഓര്‍ത്തോളു…
Discussion about this post