കേരളത്തിലെ ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ പി .സദാശിവം. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണ്ണർ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി സംഘർഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലുമാണ് ഗവർണ്ണർ നിലപാട് വ്യക്തമാക്കിയത്. ഈ രണ്ടു വിഷയങ്ങളിലും വിശദമായ റിപ്പോർട്ട് കേരള സർവകലാശാല വൈസ് ചാൻസലർ ഗവർണർക്ക് നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവർണ്ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷങ്ങളെ വിമർശിച്ച് നേരത്തേയും ഗവർണ്ണർ രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഗവർണ്ണർ വിമർശിച്ചു.
Discussion about this post