ഡൽഹി: ആയുധങ്ങളുടെ ദുരുപയോഗവും ആയുധക്കടത്തും തടയാൻ ശക്തമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിനായി 1959ലെ ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്കാരത്തിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് ചൈനീസ് നിർമ്മിതമായ ആയുധങ്ങൾ സുലഭമായി ലഭ്യമാകുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളും നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ആയുധ നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. രാജ്യത്തേക്ക് അനധികൃതമായി ആയുധങ്ങൾ കടത്തുന്നത് തടയാൻ കഠിനമായ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തി നിയമഭേദഗതിക്കാണ് സർക്കാർ നീക്കം. മഹാരാഷ്ട്രയിൽ നിലവിലുള്ള ‘മക്കോക്ക‘ മാതൃകയിലുള്ള നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.
ആയുധ വ്യാപര കേന്ദ്രങ്ങൾക്ക് കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ചൈനയുടെ യുനാൻ പ്രവിശ്യയിൽ നിർമ്മിച്ച ആയുധങ്ങൾ ഇടത് തീവ്രവാദികൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. ‘മക്കോക്ക‘ മാതൃകയിലുള്ള നിയമ നിർമ്മാണം രാജ്യത്ത് അനിവാര്യമാണെന്ന് ഉന്നത പൊലീസ്- സൈനിക ഉദ്യോഗസ്ഥർ പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാൻ ഭീകരവാദികൾ ഡ്രോണുകൾ വഴി അതിർത്തിയിൽ ആയുധങ്ങൾ എത്തിക്കുന്ന സംഭവങ്ങളും സർക്കാർ സജീവമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പഞ്ചാബ് അതിർത്തിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ശക്തമായ നടപടികൾക്ക് കേന്ദ്രസർക്കാർ മുതിരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post