വിവാദമായ പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് നല്കി.
പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതികളായ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നും പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തടസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ ശാസ്ത്രീയപരിശോധനകള്‍ തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇനി പി.എസ്.സിയാണ് റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കേണ്ടത്.
ചില വിദ്യാര്‍ത്ഥി നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന കാരണത്താല്‍ റാങ്ക് പട്ടികയും പരീക്ഷയും റദ്ദാക്കുന്നതിനെതിരെ മറ്റു ഉദ്യോഗാര്‍ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് ആശ്വാസം പകരുന്നതാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് എസ്.എഫ്.ഐ നേതാക്കളെ, പരീക്ഷാ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. മൂന്ന് പേരും സാങ്കേതികമായി പരീക്ഷാ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post