പുൽവാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാൻ ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നതായി റിട്ട. എയർ ചീഫ് മാർഷൽ ബി. എസ്. ധനോവ. ‘രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മാത്രമേ അറിയേണ്ടിയിരുന്നുള്ളു–തിരിച്ചടി എങ്ങനെ, എവിടെവച്ച്?’എന്നു മാത്രം ചണ്ഡീഗഢിൽ നടക്കുന്ന മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്തു സംസാരിക്കവെ ധനോവ പറഞ്ഞു.
ഫെബ്രുവരി 27 ന് ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകൾ ഇന്ത്യൻ സേന തകർത്തതിനു പിറ്റേദിവസം പാകിസ്ഥാൻ വ്യോമസേന നടത്തിയ സൈനിക ആക്രമണങ്ങൾ പാക്കിസ്ഥാനെ ലക്ഷ്യമിടുന്നതിനു വഴിയൊരുക്കി. പാക്കിസ്ഥാന്റെ പ്രധാന പ്രതിരോധ സേനയെ ലക്ഷ്യമാക്കി ഒരു യുദ്ധത്തിന് ഇന്ത്യൻ വ്യോമസേന തയാറാണെന്നും അത് അതിർത്തി രേഖയിൽ നിൽക്കുന്ന സൈനികർക്കെതിരെ മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിൽ ഒരു തുറന്ന യുദ്ധം തന്നെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 27ന് നടന്ന ആക്രമണം തങ്ങളുടെ ശക്തിയും കഴിവും തെളിയിക്കാനുള്ള ഒരു അവസരം മാത്രമായിരുന്നെന്നും അതൊരിക്കലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാനുള്ള ശ്രമമല്ലെന്നുമാണ് പാക്കിസ്ഥാൻ ഇപ്പോഴും അവകാശപ്പെടുന്നത്.
ബാലക്കോട്ടിലെ ഭീകരക്യാംപുകൾ ആക്രമിക്കുമ്പോൾ പാക്കിസ്ഥാനുമായി ഒരു സംഘർഷമല്ല ഇന്ത്യയും ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയദാർഢ്യത്തോടെയുള്ള ഒരു ദേശീയ നേതൃത്വവും മൂന്ന് സേനാവിഭാഗങ്ങളും എല്ലാ തയാറെടുപ്പോടും കൂടി മുന്നോട്ടുവന്നതു കൊണ്ടാണ് ബാലാക്കോട്ടിലെ ആക്രമണം സാധ്യമായത്. ബാലാക്കോട്ടിലെ ആക്രമണം പാക്കിസ്ഥാനും ജയ്ഷെ മുഹമ്മദിനും ഒരു മുന്നറിയിപ്പാണ്, അത്തരത്തിൽ ഒരു ആക്രമണം അത് എവിടെ എപ്പോൾ വേണമെങ്കിലും നടക്കാമെന്ന സന്ദേശം. അത് പാക്ക് അധിനിവേശ കശ്മീരിലോ പാക്കിസ്ഥാനിലോ ആകമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post