ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘമായ അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയും കരുത്തുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും മുന്‍ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോര്‍. അത് അംഗീകരിക്കുക തന്നെ വേണമെന്നും ഇതുപോലൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നും പ്രധാനമന്ത്രിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്ന് പറഞ്ഞു. ദി വയറിനുവേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയത്.
പ്രവര്‍ത്തി പരിചയമാണ് മോദിയുടെ ഏറ്റവും വലിയ ശക്തിയെന്നാണ് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നത്. തുടക്കകാലത്ത് 10 മുതല്‍ 12 വര്‍ഷത്തോളം അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായിരുന്നു. പിന്നീട് ഒരു ദശാബ്ദത്തോളം ബിജെപി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇവിടെ നിന്നാണ് അദ്ദേഹം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും പ്രശാന്ത് കിഷോറ് വ്യക്തമാക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി 12 വര്‍ഷം ആ പദവിയില്‍ ഇരുന്നു. ഇപ്പോള്‍ അദ്ദേഹം 6 വര്‍ഷമായി പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നു. ഇത്ര ദീര്‍ഘമായ അനുഭവപരിചയം അദ്ദേഹത്തിന്റെ ഏറ്റവലും വലിയ ശക്തിയായി അംഗീകരിക്കുക തന്നെ വേണമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.
പ്രശാന്ത് കിഷോർ 2012-ല്‍ നരേന്ദ്ര മോദിക്കൊപ്പം പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്റായിട്ടാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് കിഷോറിന്റെ രാഷ്ട്രീയ കഴിവുകള്‍ തിരിച്ചറിഞ്ഞ മോദി അത് ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. കിഷോര്‍ മോദിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി മാറിയപ്പോള്‍ അവരുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. മോദി തന്നിലെ രാഷ്ട്രീയ പ്രതിഭയെ വളര്‍ത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുവെന്ന് ദി വയറിന് നല്കിയ അഭിമുഖത്തില്‍ കിഷോര്‍ വ്യക്തമാക്കുന്നു, തന്റെ സര്‍വ്വകലാശാലാ കാലം മുതല്‍ തന്നെ തന്റെ നിലനില്‍പ്പിനെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാല്‍ അത് ഉപയോഗിക്കാനുള്ള അവസരം മോദിയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post