പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ധാരണയ്ക്കായി ലീഗ് നേതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രി രമേശ് ചെന്നിത്തലയും ആശയവിനിമയം തുടരുകയാണ്. എന്നാല്‍, ലീഗ് ഇതുവരെ സമ്മതിച്ചിട്ടില്ല.
രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായരുമായി ടെലിഫോണില്‍ ഇതേപ്പറ്റി ചര്‍ച്ചനടത്തി. പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തിരഞ്ഞെടുപ്പ് സമയത്തിന് നടത്താനാവൂ എന്ന കമ്മിഷണറുടെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധിയനുസരിച്ച് തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എല്ലാസഹായവും ലഭ്യമാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍, 24ന് കമ്മിഷണറും സര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷമേ ഇതേപ്പറ്റി പറയാനാവൂ എന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. രണ്ട് കാരണങ്ങളാല്‍ ലീഗ് ഈ നിര്‍ദേശത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നഗരസഭകള്‍ രൂപവത്കരിച്ചത് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഇവ വേണ്ടെന്നുവെച്ച് വീണ്ടും പഞ്ചായത്തുകളാക്കുന്നത് വലിയ നിയമക്കുരുക്കിന് കാരണമാവും. കേന്ദ്രപദ്ധതികള്‍ കേരളത്തിന് നഷ്ടപ്പെടും. ഇത്തവണ കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നുമാത്രമാണ് കിട്ടിയത്. നഗരസഭകളുടെ എണ്ണം കുറഞ്ഞതാണ് കാരണം. അല്ലെങ്കില്‍ നാലിലേറെ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടുമായിരുന്നു. ഭാവിയിലും ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ കേരളത്തിന് നഷ്ടമാവുംഅദ്ദേഹം പറഞ്ഞു.
24ന് നടക്കുന്ന ചര്‍ച്ചയിലുണ്ടാവുന്ന ധാരണയ്ക്ക് 25ന് ചേരുന്ന യു.ഡി.എഫ് യോഗം അംഗീകാരം നല്‍കും. ഇതോടെ ആശയക്കുഴപ്പം ഒഴിവാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. കോടതി അംഗീകരിച്ച 28 പുതിയ നഗരസഭകളുടെയും കണ്ണൂര്‍ കോര്‍പ്പറേഷന്റെയും രൂപവത്കരണം റദ്ദാക്കാന്‍ സര്‍ക്കാറിന്റെ വിജ്ഞാപനത്തിലൂടെ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം. എന്നാല്‍പ്പോലും ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ എന്തുവേണമെന്നതാവും 24ന് നടക്കുന്ന ചര്‍ച്ചയിലെ പ്രധാനവിഷയം.
ഈ നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും ആദ്യഘട്ടത്തിലും പഞ്ചായത്തുകളില്‍ രണ്ടാംഘട്ടത്തിലും തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ അപ്രായോഗികമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നീളുമ്പോള്‍ ദീര്‍ഘകാലം പെരുമാറ്റച്ചട്ടം നിലനില്‍ക്കും. ഇത് സര്‍ക്കാറിന്റെ അവസാന വര്‍ഷത്തെ പദ്ധതികളെയും പ്രഖ്യാപനത്തെയും ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനും സമയം കുറയും.
പുതിയ നഗരസഭകളില്‍ തിരഞ്ഞെടുപ്പിന് ലക്ഷ്യമിട്ട് വകുപ്പ് സെക്രട്ടറിമാര്‍ കത്തു നല്‍കിയെങ്കിലും വാര്‍ഡ് പുനര്‍നിര്‍ണയ സമിതിയുടെ യോഗം 24ന് ശേഷമേ ഉണ്ടാവൂ. തിരഞ്ഞെടുപ്പ് സമയത്തിന് നടക്കണമെന്ന് ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടതിനുശേഷമാണ് വകുപ്പ് മേധാവികള്‍ കത്തുനല്‍കിയത്. ഇവിടങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പുനര്‍നിര്‍ണയ സമിതി യോഗം ചേരണമെന്നുമായിരുന്നു സമിതിയംഗങ്ങളായ വകുപ്പ് മേധാവികളുടെ ആവശ്യം. പുതിയ നഗരസഭകളില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത പ്രയോജനപ്പെടുത്താനായിരുന്നു ഈ നീക്കം. പുതിയ നഗരസഭകള്‍ ഇത്തവണതന്നെ നിലവില്‍ വരണമെന്ന് ലീഗിന് താത്പര്യമുണ്ട്.
Leave a Comment