ഡൽഹി: ട്രാക്ടർ കത്തിച്ച സംഭവം കർഷകരോടുള്ള കോൺഗ്രസ്സിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കർഷകർ ജീവനോപാധിയായി കാണുന്ന ട്രാക്ടർ കത്തിക്കുകയെന്നാൽ കർഷകരുടെ ആത്മാഭിമാനമാണ് അഗ്നിക്കിരയാക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ കോൺഗ്രസ്സ് സർക്കാരുകൾ നടപ്പിലാക്കിയ കർഷകദ്രോഹ നയങ്ങളുടെ പ്രതീകമാണ് ട്രാക്ടർ കത്തിച്ച സംഭവം. കർഷകരെ മറയാക്കി സാമൂഹ്യ വിരുദ്ധർ തെരുവുകളിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ചിലർ ഗൂഢാലോചന നടത്തുന്നത്. അത് നോക്കിനിൽക്കാനാവില്ല. കർഷകർക്ക് സ്വാതന്ത്ര്യം നൽകാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് രാജ്യത്ത് കലാപമുണ്ടാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്നും കർഷകർ അത് തിരിച്ചറിഞ്ഞു കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു.
കർഷകർ സ്വയം പര്യാപ്തരാകുന്നത് ചില ‘പരമ്പരാഗത യജമാനന്മാർക്ക്‘ സഹിക്കില്ല. അതിന് രാജ്യത്ത് ഭീകരത സൃഷ്ടിച്ച് സായൂജ്യമടയാമെന്ന് ആരും കരുതേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ മുന്നറിയിപ്പ് നൽകി.
Discussion about this post