തിരുവനന്തപുരം: കൊവിഡ് ബാധയ്ക്കിടെ സംസ്ഥാനത്ത് ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാറ്റഗറി-സി വിഭാഗത്തിൽപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ വരും ദിവസങ്ങളിൽ രോഗം കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
ഹൈറിസ്ക് വിഭാഗക്കാർക്ക് മൂക്കൊലിപ്പ്, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു. കോവിഡ് മുക്തർക്ക് അസാധാരണമായ ലക്ഷണങ്ങൾ തോന്നിയാലും വൈദ്യസഹായം തേടണമെന്നും നിർദ്ദേശമുണ്ട്.
കൂടാതെ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും ബ്ളാക്ക് ഫംഗസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെന്റിലേറ്ററുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.
ബ്ലാക്ക് ഫംഗസ് തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിച്ചാൽ രോഗി ഗുരുതരാവസ്ഥയിലേക്കു പോകാം. അതിനാൽ ഹൈറിസ്ക് വിഭാഗത്തിൽപ്പെടുന്നവർ രോഗാവസ്ഥ നിയന്ത്രണത്തിലാക്കണം. കൊവിഡിനോ മറ്റു രോഗങ്ങൾക്കോ സ്റ്റിറോയ്ഡുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യം ഡോസ് മാത്രം കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
Discussion about this post