ഹൈദരാബാദ്: തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. തെലങ്കാന സന്ദർശനത്തിന്റെ ആദ്യദിനം തന്നെ നാലായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന ഡീലാണ് കിറ്റക്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.വേഗത്തിൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .ലോകത്തെ രണ്ടാമത്തെ വലിയ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ കിറ്റക്സ് ഗ്രൂപ്പ് സംസ്ഥാനത്തേക്ക് വരുന്നുവെന്നത് അതിയായ സന്തോഷമുളവാക്കുന്നുവെന്ന് രാമറാവു ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയിൽ കിറ്റക്സ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം നടത്തുമെന്നും ട്വീറ്റില്‍ പറയുന്നു.
ഹൈദരാബാദിൽ നിന്നും 150 കിമീ അകലെയുള്ള വാറങ്കൽ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സ് ടെക്സ്റ്റൈൽ അപ്പാരൽ പ്രോജക്ട് തുടങ്ങുക. രണ്ടു വർഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേർക്ക് ഇതുവഴി തൊഴിൽ നല്‍കാനാകുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൈദരാബാദിൽ തങ്ങുന്ന സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇന്ന് രാവിലെയും തെലങ്കാന സർക്കാർ പ്രതിനിധികളുമായി കിറ്റക്സ് സംഘം ചർച്ച നടത്തുന്നുണ്ട്. ഡീൽ ആയിരം കോടിയിൽ ഒതുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്.
Discussion about this post