കൊച്ചി: കിറ്റക്സില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയെന്ന എംഎല്‍എമാരുടെ ആരോപണത്തിന് മറുപടിയുമായി ഗ്രൂപ്പ് ചെയര്മാന് സാബു.എം.ജേക്കബ്. കടമ്പ്ര യാര് മാലിന്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു പുറത്തിറങ്ങിയ എംഎല്‍എമാര്‍ അതിനെക്കുറിച്ചു പറയാതെ പഞ്ചായത്തില്‍ പണം ബാക്കി വന്നതും സേഫ്റ്റി ഓഫിസറെ നിയമിച്ചതിനെക്കുറിച്ചും മറ്റും ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെയാണ് സാബു ജേക്കബ് ചോദ്യം ചെയ്തത്.
കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ സാന്നിധ്യത്തിലാണ് കിറ്റെക്സ് വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ എംഎല്‍എമാരെ ക്ഷണിച്ചു ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ എംഎല്‍എമാരായ പി.ടി. തോമസും ശ്രീനിജിനും കമ്പനിക്കെതിരെ മാധ്യമങ്ങളില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയായിരുന്നുവെന്നു സാബു ജേക്കബ് പറഞ്ഞു.
കിറ്റെക്സ് 73 നിയമലംഘനങ്ങള്‍ നടത്തിയെന്നു പറഞ്ഞ സര്‍ക്കാരും എംഎല്‍എമാരും പിന്നോക്കം മാറി എട്ടു തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്നു കണ്ടെത്തിയെന്നാണ് ഇന്നു പറഞ്ഞത്. എറണാകുളത്തെ ഏതാണ്ട് എല്ലാ ഏജന്‍സികളും നടത്താവുന്ന മുഴുവന്‍ പരിശോധനകളും നടത്തിയിട്ടും കടമ്പ്രയാറിനെ മലിനമാക്കുന്നത് കിറ്റെക്സാണെന്നു കണ്ടെത്താന്‍ സാധിച്ചില്ല. മാത്രമല്ല, കമ്പനി തുടങ്ങുന്നിടം മുതല്‍ കടമ്പ്രയാര്‍ വരെ വെള്ള സാംപിള്‍ എടുത്തു പരിശോധിച്ചതില്‍ കിറ്റെക്സിനോട് അടുത്തു കിടക്കുന്നിടത്തു മാലിന്യം കുറവാണെന്നാണു കണ്ടെത്തിയത്. കിറ്റെക്സില്‍ നിന്നല്ല കടമ്പ്രയാര്‍ മലിനമാകുന്നതെന്ന് ഇതോടെ വ്യക്തമായി. അകത്ത് എന്തു റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്തു എന്നു പറയാതെ പുറത്തിറങ്ങി വസ്തുതാ വിരുദ്ധമായ കുറെ കാര്യങ്ങള്‍ പതിവു പോലെ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന തന്ത്രമാണ് ഇന്നും ഇവര്‍ നടത്തിയതെന്നു സാബു ജേക്കബ് പറഞ്ഞു.
തൃക്കാക്കരയില്‍ ട്വന്റി ട്വന്റി മല്‍സരിച്ചതുകൊണ്ടാണ് പി.ടി. തോമസ് എതിരെ സംസാരിക്കുന്നത്. കമ്പനിക്കകത്തു പരിശോധിച്ചാല്‍ ഇവര്‍ക്ക് ഏതെങ്കിലും നിയമലംഘനം കണ്ടുപിടിക്കാന്‍ സാധിക്കില്ല. സംസ്ഥാനത്തെ വേറെ ഏതെങ്കിലും ഫാക്ടറി പരിശോധിക്കട്ടെ. അടച്ചു പൂട്ടേണ്ടിവരും. കിറ്റെക്സ് നിയമം അനുസരിച്ചു പോകുന്നു എന്നതു മാത്രമാണു പ്രശ്നം. ഇവര്‍ക്കു കൈക്കൂലി കൊടുത്താല്‍ മതി. ഇതുപോലെയുള്ള ആളുകള്‍ മല്‍സരിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇപ്പോള്‍ പോകുന്ന രീതിയില്‍ പോയാല്‍ സംസ്ഥാനത്തെ വീടുകളില്‍ പട്ടികളെ വളര്‍ത്തുന്ന സാഹചര്യം വരും. മക്കള്‍ എല്ലാം ജോലി തേടി വിദേശത്തു പോയാല്‍ രക്ഷിതാക്കള്‍ക്കു കൂട്ടിനു പട്ടിയെ വളര്ത്തണ്ടി വരും. 2025 ആകുമ്പോഴേയ്ക്ക് 90 ശതമാനം വീടുകളിലും ആ സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post