കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് വച്ച് ദാരുണമായി കൊല്ലപ്പെട്ട നിഥിനമോളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം തുരവേലിക്കുന്നിലെ ബന്ധുവീട്ടില്‍ ഇവിടെ വച്ചായിരിക്കും സംസ്കാരം നടത്തുക.
നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന നിഥിന നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരിയായിരുന്നു. ആ സ്നേഹം നിഥിനയുടെ അവസാനയാത്രയില്‍ നാട്ടുകാര്‍ കാണിച്ചു. കൊവിഡ് ഭീതി പോലും വകവയ്ക്കാതെ വന്‍ ജനാവലിയാണ് നിഥിനയെ അവസാനമായി ഒരു നോക്കു കാണുന്നതിനു വേണ്ടി തലയോലപ്പറമ്പിലെ വീട്ടില്‍ തടിച്ചു കൂടിയത്. നാട്ടുകാരില്‍ പലര്‍ക്കും കണ്ണീരടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി വി എന്‍ വാസവനും സ്ഥലം എം എല്‍ എ സി കെ ആശയും നിഥിനയുടെ വീട് സന്ദര്‍ശിച്ചു.
രോഗാതുരയായ അമ്മ ബിന്ദുവിന്റെ ഏക ആശ്രയമായിരുന്നു നിഥിന. ഫുഡ് ടെക്നോളജി കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന നല്ലൊരു ജോലി നേടിയാല്‍ തങ്ങളുടെ കഷ്ടപ്പാടിന് അവസാനമാകുമെന്ന അമ്മയുടെ പ്രതീക്ഷയാണ് കോളേജ് ക്യാമ്ബസില്‍ ഒടുങ്ങിയത്.
രക്തം വാര്‍ന്നാണ് നിഥിന മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴവും വീതിയുമുള്ള മുറിവ് തന്നെയാണ് മരണകാരണം. ചേര്‍ത്തു പിടിച്ച് കഴുത്തറുത്തിരിക്കാനാണ് സാദ്ധ്യത. അതിനാലാണ് ഇത്ര ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമുണ്ടായതെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post