വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്ററിൽ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടൽ മാറും മുൻപ് ഐടി ലോകത്തെ ആശങ്കയിലാക്കി ആമസോണിലും പിരിച്ചുവിടൽ. 10,000 ജീവനക്കാരെ ആമസോൺ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വരുന്ന ആഴ്ച മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പിരിച്ചുവിടൽ നടപടിയെക്കുറിച്ച് അറിയാവുന്ന കമ്പനി അധികാരികളെ പരാമർശിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. നീക്കത്തെക്കുറിച്ച് കമ്പനിയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ 31 വരെയുളള കണക്ക് അനുസരിച്ച് ആമസോണിൽ 1.6 മില്യൻ മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരാണ് ഉള്ളത്. ഇനി ഏതാനും മാസങ്ങളിൽ പുതിയ റിക്രൂട്ട്‌മെന്റുകൾ നടത്തില്ലെന്നും അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. ഇതിനിടയിലാണ് പിരിച്ചുവിടലിന്റെ വാർത്ത പുറത്തുവരുന്നത്.
ബിസിനസിലെ വളർച്ചാ മാന്ദ്യത്തെക്കുറിച്ച് ആമസോൺ കഴിഞ്ഞ ദിവസം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടക്കാൻ വേണ്ടിയാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടുകൾ.
ട്വിറ്ററിലെ പിരിച്ചുവിടലിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും 13 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വൻകിട കമ്പനികൾ ജോലിക്കാരെ കുറയ്ക്കുന്നത് ഐടി മേഖലയിലാകെ ആശങ്ക വിതച്ചിട്ടുണ്ട്.
Leave a Comment