ലോസ്ആഞ്ചലസ്; ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ആർആർആർ ടീമിനേയും സംഗീത സംവിധായകൻ എംഎം കീരവാണിയേയും അഭിനന്ദിച്ച് എ.ആർ.റഹ്മാൻ. ‘അവിശ്വസനീയമായ ഒരു മാറ്റമാണിത്. കീരവാണി സാറിനും എസ്.എസ്.രാജമൗലിക്കും മുഴുവൻ ആർആർആർ ടീം അംഗങ്ങൾക്കും എല്ലാ ഇന്ത്യക്കാരുടേയും ആരാധകരുടേയും പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് റഹ്മാൻ ട്വിറ്ററിൽ കുറിച്ചത്. ആർആർആർ ടീം വിജയം ആഘോഷിക്കുന്ന വീഡിയോയും ഇതോടൊപ്പം പങ്കു വച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും എ.ആർ.റഹ്മാനാണ് ആദ്യമായി ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഈ നേട്ടം വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ചരിത്രനേട്ടമെന്നാണ് മെഗാസ്റ്റാർ ചിരഞ്ജീവി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. എല്ലാവരേയും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും, ഈ നേട്ടത്തിലൂടെ ഇന്ത്യ അഭിമാനിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്. എം.എം.കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് സംഗീതം നൽകിയത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ചിത്രത്തിൽ പറയുന്നത്. രാമരാജുവായി രാം ചരൺ തേജയും കൊമരം ഭീം ആയി ജൂനിയർ എൻടിആറുമാണ് എത്തിയത്. ആലിയ ഭട്ട്, ശ്രീയ ശരൺ, സമുദ്രക്കനി, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ എന്നവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Leave a Comment