തിരുവനന്തപുരം : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി ഓഫീസിൽ ഇല്ലാത്തതിനാൽ, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് രാജിയുടെ പകർപ്പ് കൈമാറി. ശങ്കർ മോഹന്റെ വിവേചനപരമായ നടപടികളുടെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്. ഇതിനിടെയാണ് ഡയറക്ടർ സ്ഥാനം രാജിവെച്ചത്.
എന്നാൽ കാലാവധി തീരുന്നതിനാലാണ് രാജി വെയ്ക്കുന്നത് എന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നുമാണ് ശങ്കർ മോഹൻ പറയുന്നത്.
ജാതി വിവേചനം ഉൾപ്പെടെ ഉന്നയിച്ചുകൊണ്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരം 50 ാം ദിവസത്തിലേക്ക് കടക്കാനിരിക്കെയാണ് രാജി. അതേസമയം രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശങ്കർ മോഹനെതിരായ ആരോപണത്തിൽ സത്യമുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് തന്നെയാണ് രാജിയുടെ കാരണമെന്നാണ് പ്രാഥമിക വിവരം.
Discussion about this post