ജാർഖണ്ഡിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് കുട്ടികൾ അടക്കം 14 പേർ മരിച്ചു; ദുരന്തമുണ്ടായത് വിവാഹ പരിപാടിക്കിടെ

Published by
Brave India Desk

റാഞ്ചി: ജാർഖണ്ഡിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് കുട്ടികൾ അടക്കം 14 പേർ മരിച്ചു. ധൻബാദിലെ ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ വിവാഹ ചടങ്ങുകൾ നടന്നതായും ഇതിനിടെ തീ പടർന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ധൻബാദിലെ ജൊറാഫതക് മേഖലയിൽ ആശീർവാദ് ടവർ അപ്പാർട്ട്‌മെന്റിലാണ്‌ തീപിടിച്ചത്. മരിച്ചവരിൽ 10 സ്ത്രീകളും ഉൾപ്പെടും. 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപ്പാർട്ട്‌മെന്റിൽ താഴത്തെ നിലകളിലൊന്നിൽ തീ ആളിപ്പടരുന്നതും പുക ഉയരുന്നതുമാണ് ദൃശ്യങ്ങളിലുളളത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമായി മനസിലാക്കാനായിട്ടില്ലെന്നും നിലവിൽ രക്ഷാ പ്രവർത്തനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ധൻബാദ് എസ്എസ്പി സഞ്ജീവ് കുമാർ പറഞ്ഞു.

ജാർഖണ്ഡ് തലസ്ഥാനത്ത് നിന്നും 160 കിലോമീറ്റർ അകലെയാണ് ജൊറാഫതക് മേഖല. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയ്ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ട്വിറ്ററിൽ അറിയിച്ചു.

Share
Leave a Comment

Recent News