തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കെഎസ്ആർടിസിയെ വീണ്ടും കടത്തിലാക്കാൻ സാധ്യത. അധിക സെസ് കെഎസ്ആർടിസിയുടെ ചിലവ് കൂട്ടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഈ വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
ഇന്ധന സെസ് വർദ്ധിപ്പിച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് ഗതാഗത മന്ത്രി ആശങ്ക അറിയിച്ചത്. കെഎസ്ആർടിസിയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി പറയുന്നുണ്ട്.
അതേസമയം സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്നുണ്ട്. ഇത് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Discussion about this post